ജിദ്ദ: സിംഹം പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. സൗദി അറേബ്യയിലെ ജിദ്ദയില്‍ വെച്ചാണ് സംഭവം നടന്നത്. സിംഹക്കുട്ടിക്കൊപ്പം ഓടിക്കളിച്ച കുട്ടികളില്‍ ഒരാളാണ് ആക്രമിക്കപ്പെട്ടത്. ജിദ്ദ വസന്തോത്സവത്തിന്റെ ഭാഗമായി നടത്തിയ പരിപാടിക്കിടെയാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്.
കുട്ടികളെ ആറ് മാസം പ്രായമുളള സിംഹക്കുട്ടിക്കൊപ്പം കളിക്കാന്‍ അനുവദിച്ചതാണ് ആക്രമണത്തിന് കാരണമായത്. ഒരു കൂട്ടിനകത്ത് കുട്ടികള്‍ക്കൊപ്പം സിംഹവും ഓടിക്കളിക്കുന്നത് വീഡിയോയില്‍ കാണാം. 10 വയസിന് മുകളില്‍ പോലും തോന്നാത്ത കുട്ടികളാണ് സിംഹത്തിനൊപ്പം ഓടിക്കളിക്കുന്നത്. സിംഹത്തെ പരിശീലിപ്പിക്കുന്ന ഒരു സ്ത്രീ മാത്രമാണ് ഇവരില്‍ മുതിര്‍ന്ന ഒരാള്‍. കുട്ടികള്‍ ചിരിച്ചുമറിഞ്ഞ് കളിക്കുന്നതിനിടെയാണ് പൊടുന്നനെ സിംഹം പെണ്‍കുട്ടിക്ക് നേരെ തിരിഞ്ഞത്.
പെണ്‍കുട്ടിയുടെ തലയില്‍ കടിച്ച സിംഹം കുട്ടിയെ കീഴടക്കി. സിംഹത്തെ അകറ്റാനായി ചവിട്ടാന്‍ ശ്രമിക്കവെ കുട്ടി വീണതോടെ സിംഹ് ദേഹത്ത് കയറി കുട്ടിയെ കടിച്ചു. എന്നാല്‍ ഉടന്‍ തന്നെ പരിശീലക ഓടി വന്ന് സിംഹത്തെ പിന്തിരിപ്പിച്ചു. കുട്ടിക്ക് സാരമായ പരുക്കുകളൊന്നും ഇല്ലെങ്കിലും ചികിത്സയ്ക്ക് ശേഷം കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി.
കുട്ടിയുടെ തലയില്‍ ഉണ്ടായിരുന്ന പൂമ്പാറ്റയുടെ ക്ലിപ്പ് ആണ് സിംഹത്തെ ആകര്‍ഷിച്ചതെന്നാണ് പരിശീലക പറയുന്നത്. കുട്ടികളുടെ സുരക്ഷ മാതാപിതാക്കളോ സംഘാടകരോ ഉറപ്പാക്കാത്തതില്‍ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നു.