ചെന്നൈ: പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ തമിഴ്നാട് ഗവര്‍ണര്‍ ബനവരിലാല്‍ പുരോഹിത് മാപ്പു പറഞ്ഞു. മാധ്യമപ്രവര്‍ത്തകയ്ക്ക് എഴുത്തിയ കത്തിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്. തന്നോട് ചോദിച്ച നല്ല ചോദ്യത്തെ അഭിനന്ദിച്ച് കൊണ്ടാണ് താന്‍ കവിളില്‍ തൊട്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ‘ഒരു പേരക്കുട്ടിയെ പോലെ കണ്ടാണ് ഞാന്‍ അത് ചെയ്തത്. മാധ്യമപ്രവര്‍ത്തക എന്ന നിലയിലുളള നിങ്ങളുടെ മികച്ച പ്രകടനത്തെ അഭിനന്ദിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. വേദനിപ്പിച്ചുവെന്ന് മനസ്സിലാകുന്നത് കൊണ്ട് തന്നെ ഞാന്‍ ക്ഷമാപണം നടത്തുന്നു’, അദ്ദേഹം പറഞ്ഞു.

സര്‍വ്വകലാശാല ഉദ്യോഗസ്ഥരുമായി ലൈംഗികവേഴ്ച്ച ചെയ്യാന്‍ വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെട്ട തമിഴ്നാട് വനിതാ പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തതിനെകുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദ്യം ചോദിക്കുകയായിരുന്നു. അറസ്റ്റിലായ നിര്‍മ്മല ദേവിക്ക് ഗവര്‍ണറുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു ആരോപണം.

ഗവര്‍ണര്‍ക്കെതിരെ ലൈംഗിക അപമര്യാദയ്ക്ക് കേസെടുത്ത് അന്വേഷിക്കണമെന്ന സിപിഐഎം നേതാക്കളുടെ ആവശ്യത്തെ കുറിച്ചായിരുന്നു ചോദ്യം. എന്നാല്‍ ചോദ്യം അവഗണിക്കാനായി 78കാരനായ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകയുടെ അനുവാദം കൂടാതെ കവിളില്‍ തലോടുകയായിരുന്നു.

ഒരു ദേശീയ മാസികയുടെ റിപ്പോര്‍ട്ടറായ ലക്ഷ്മി സുബ്രഹ്മണ്യനാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടായത്. ഇതിന് ശേഷം താന്‍ നിരവധി തവണ മുഖം കഴുകിയതായും ഗവര്‍ണറുടെ പ്രവൃത്തി മോശമായിപ്പോയെന്നും മാധ്യമപ്രവര്‍ത്തക ട്വീറ്റ് ചെയ്തു. ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രീയ- സാംസ്കാരിക മേഖലകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഗവര്‍ണറുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ അടിക്കുറിപ്പുകളോടെ പ്രചരിച്ചു.

ഇതേസമയം, മാധ്യമ പ്രവർത്തകയോട് അപമര്യാദയായും അനുചിതമായും പെരുമാറിയ ഗവർണർ അടിയന്തിരമായി മാപ്പ് പറയണമെന്ന് ചെന്നൈയിലെ മാധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടു. ചെന്നൈയിലെ 200 മാധ്യമ പ്രവർത്തകർ​ ഒപ്പിട്ട ഈ​​ ആവശ്യം ഗവർണർക്ക് നൽകി.

ഡിഎംകെ രാജ്യസഭാ എംപി കനിമൊഴി ഗവര്‍ണറുടെ നടപടിക്കെതിരെ രംഗത്തെത്തി. ഒരു വനിതാ മാധ്യമപ്രവര്‍ത്തകയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന മോശം പെരുമാറ്റമാണ് ഗവര്‍ണര്‍ ചെയ്തതതെന്ന് അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനികളോട് ലൈംഗിക സഹകരണം ആവശ്യപ്പെട്ട അധ്യാപികയുടെ ഓഡിയോ പുറത്തായിരുന്നു. പത്തൊൻപത് മിനിട്ടോളം നീണ്ട സംഭാഷണത്തിൽ, തനിക്ക് ഗവർണറുമായി വളരെ അടുപ്പമുണ്ടെന്നും, സഹകരിക്കുകയാണെങ്കിൽ ഉന്നത ബിരുദങ്ങളും കാശും ലഭ്യമാക്കുമെന്നും നിർമ്മലാ ദേവി വിദ്യാർത്ഥികളോട് പറയുന്നുണ്ട്. ഇക്കാര്യം പുറത്തു പറഞ്ഞാൽ നിങ്ങൾക്കു തന്നെയാകും ചീത്തപ്പേരുണ്ടാവുകയെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. ഇതിനെ കുറിച്ചായിരുന്നു ഗവര്‍ണറുടെ പത്രസമ്മേളനം.

സാമ്പത്തികമായും അക്കാദമിക്കലായും സഹായം ലഭിക്കുന്നതിന് പകരം ലൈംഗീകമായി സഹകരിക്കണമെന്ന് പറയുന്ന വനിതാ പ്രൊഫസര്‍ ആവശ്യപ്പെട്ടത്. നാല് വിദ്യാര്‍ത്ഥിനികളുമായി പ്രൊഫസറുടേതാണെന്ന് കരുതുന്ന ഓഡിയോ ക്ലിപ്പ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദേവാംഗ ആര്‍ട്സ് കോളേജ് പൊലീസിനോട് അന്വേഷണം ആവശ്യപ്പെട്ടു.

വിരൂദ്നഗറിലുളള കോളേജില്‍ 10 വര്‍ഷമായി കണക്ക് പഠിപ്പിക്കുന്ന അധ്യാപിക നിര്‍മ്മല ദേവിക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. സംസ്ഥാന ഗവര്‍ണര്‍ ബനവരിലാല്‍ പുരോഗിതുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ട പ്രൊഫസര്‍ ഓഡിയോയില്‍ പണവും ഗവേഷണം അടക്കമുളള അക്കാദമിക്കല്‍ സഹായങ്ങളും വിദ്യാര്‍ത്ഥിനികള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥരുമായി ലൈംഗികമായി സഹകരിക്കുന്നത് മറ്റാരും അറിയരുതെന്നും, രക്ഷിതാക്കളുടെ അറിവോടെ വേണമെങ്കില്‍ ചെയ്യാമെന്നും ഓഡിയോയില്‍ പറയുന്നുണ്ട്. സമ്മതമാണെങ്കില്‍ ഒരു ബാങ്ക് അക്കൗണ്ട് തുറന്ന് പണം അതിലേക്ക് ഇടാമെന്നും അധ്യാപിക വിദ്യാര്‍ത്ഥിനികളോട് വാഗ്ദാനം ചെയ്തു.

കോളേജിന് അംഗീകാരം നൽകിയിട്ടുള്ള മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് വേണ്ടിയാണ് ഇവർ വിദ്യാർത്ഥിനികളോട് സംസാരിച്ചത്.

കഴിഞ്ഞ മാസം ഈ ഓഡിയോ ക്ലിപ് സഹിതം വിദ്യാര്‍ത്ഥിനികള്‍ കോളേജില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അധ്യാപികയെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ നിര്‍മല ദേവി ആരോപണങ്ങള്‍ നിഷേധിച്ചു. ശബ്ദരേഖ പ്രചരിച്ചതിനെ തുടര്‍ന്ന് കോളേജ് മാനേജ്മെന്റും പ്രാദേശിക വനിതാ അസോസിയേഷനും പ്രൊഫസര്‍ക്കെതിരെ പരാതി നല്‍കി. തുര്‍ന്ന് ഐടി ആക്ട് പ്രകാരം പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യൂണിവേഴ്സിറ്റി ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ രംഗത്തെത്തി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ