കൊല്‍ക്കത്ത: “എന്റെ മാറിടം യാതാർത്ഥത്തില്‍ ഉള്ളതാണോ എന്നും ഞാന്‍ പ്രസവിച്ച സ്ത്രീയാണോ” എന്നുമായിരുന്നു അവര്‍ക്ക് അറിയേണ്ടിരുന്നത്. കൊല്‍ക്കത്തയിലെ പ്രശസ്‌തമായ സ്‌കൂളിലെ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖത്തിനിടെ തനിക്കുണ്ടായ അനുഭവം പറയുകയായിരുന്നു സുചിത്ര.

ജോലി ലഭിക്കാന്‍ തന്റെ ഇരട്ട എംഎയും ബിഎഡ് ഡിഗ്രിയും ധാരാളം മതിയെന്ന ഉറച്ച വിശ്വാസവുമായിട്ടായിരുന്നു അവര്‍ സ്‌കൂളിലെത്തിയത്. എന്നാല്‍ തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചും പ്രവര്‍ത്തി പരിചയത്തെ കുറിച്ചും മാത്രമായിരുന്നില്ല പാനലിലുള്ളവര്‍ക്ക് അറിയേണ്ടിയിരുന്നതെന്ന് സുചിത്ര പറയുന്നു. 2017 ല്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് വിധേയയായതിന് ശേഷമാണ് ഹിരണ്‍മയ് ഡേ എന്ന പേരു മാറ്റി സുചിത്ര എന്ന പേര് ഇവര്‍ സ്വീകരിക്കുന്നത്.

‘ഒരു പുരുഷന്‍ എങ്ങനെ സ്ത്രീയായി’ എന്നറിയാനുള്ള ആകാംക്ഷയായിരുന്നു അവര്‍ക്ക്. അത്ഭുതത്തോടെയായിരുന്നു അവര്‍ എന്നെ നോക്കിയത്. തന്റെ വിദ്യാഭ്യാസ യോഗ്യതയോ 10 വര്‍ഷത്തെ അനുഭവ സമ്പത്തോ അവര്‍ പരിഗണിച്ചതേയില്ലെന്ന് സുചിത്ര പറയുന്നു.

“ഈ ലോകത്തെ മറ്റെന്തൊക്കെ ഉള്‍ക്കൊണ്ടാലും പലര്‍ക്കും ട്രാൻസ്‌പേഴ്സണ്‍സിനെ പരിഗണിക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്. അത് ഞങ്ങളുടെ ജീവിതത്തെ വലിയ രീതിയില്‍ ബാധിക്കുന്നുമുണ്ട്”, സുചിത്ര പറയുന്നു.

“പുരുഷന്‍മാര്‍ ഇടുന്ന വസ്ത്രം ധരിക്കണമെന്നാണ് പാനലിലുള്ള ഒരാള്‍ എന്നോട് പറഞ്ഞത്. മാര്‍ക്ക് ലിസ്റ്റിലും സര്‍ട്ടിഫിക്കറ്റിലും ഞാന്‍ പുരുഷനാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായിരുന്നു അങ്ങനെ പറയാന്‍ അദ്ദേഹം കണ്ടെത്തിയ ന്യായീകരണം. ഓരോ ചോദ്യത്തിലും ഞാന്‍ അപമാനിക്കപ്പെടുകയായിരുന്നു.” അവര്‍ പറയുന്നു.

അവിടുത്തെ പ്രിന്‍സിപ്പലിന് അറിയേണ്ടിയിരുന്നത് താന്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ടോ എന്നായിരുന്നുവെന്നും തന്റെ മാറിടം യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ എന്ന് അദ്ദേഹം തന്നോട് ചോദിച്ചതായി സുചിത്ര പറയുന്നു. താന്‍ ഒരു ട്രാന്‍സ്‌ യുവതിയായിരുന്നില്ലെങ്കില്‍ അവര്‍ ഇങ്ങനെ ചോദിക്കുമായിരുന്നുവോ എന്നും സുചിത്ര ചോദിക്കുന്നു.

എന്നാല്‍ എല്ലാവരും ഇതു പോലെയല്ലെന്നും താന്‍ മുമ്പ് ജോലി ചെയ്‌തിരുന്ന സ്‌കൂളില്‍ സര്‍ജറിയ്‌ക്ക് മുമ്പും ശേഷവുമെല്ലാം നല്ല പെരുമാറ്റമായിരുന്നുവെന്നും തന്നോട് റീജോയിന്‍ ചെയ്യാന്‍ മാനേജ്‌മെന്റ് പറഞ്ഞിരുന്നതായും സുചിത്ര ഓര്‍മ്മിക്കുന്നു. ശസ്ത്രക്രിയ നടത്തി പൂർണമായും സ്ത്രീയായി മാറിയതിന് ശേഷം അവിടെ താന്‍ അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായിരുന്നു ക്ലാസ് എടുത്തിരുന്നതെന്നും അവര്‍ പറയുന്നു.

“കൊല്‍ക്കത്തയിലെ ഇത്രയും പ്രസിദ്ധമായ സ്‌കൂളില്‍ പോലും ഇത്തരം വികലമായ മാനസികാവസ്ഥ വച്ചു പുലര്‍ത്തുന്നവരാണ് ഉള്ളത്. ഇവര്‍ എങ്ങനെയാണ് കുട്ടികള്‍ക്ക് നല്ല കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുക. വിദ്യാഭ്യാസം ഉള്ള തന്നെപ്പോലുള്ളവര്‍ക്ക് പോലും ഇങ്ങനെയാണ് നേരിടേണ്ടി വരുന്നതെങ്കില്‍ സമൂഹത്തിന്റെ താഴെത്തട്ടില്‍ കഴിയുന്ന, വിദ്യാഭ്യാസം ഇല്ലാത്ത ആളുകള്‍ എന്തെല്ലാം സഹിക്കേണ്ടി വരും?,” സുചിത്ര ചോദിക്കുന്നു.

അതേസമയം, കൊല്‍ക്കത്ത സ്‌കൂളില്‍ നിന്നും നേരിട്ട അപമാനത്തില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് സുചിത്ര. ഇനിയും ഇത്തരം അപമാനം സഹിക്കാന്‍ വയ്യെന്നും സുചിത്ര പറയുന്നു. വിഷയത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും നടപടികള്‍ കൈക്കൊള്ളുമെന്നും പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അസിസ്റ്റന്റ് സെക്രട്ടറി നിര്‍മല ചന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ