ശ്രീനഗര്‍: പിഡിപി-ബിജെപി സഖ്യം തകർന്നതിന് പിന്നാലെ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വിമർശനത്തിന് ശക്തമായ മറുപടിയുമായി ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തി. ജമ്മുവില്‍ വികസനം കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമായിരുന്നെന്ന അമിത് ഷായുടെ പ്രസ്‌താവനയ്‌ക്കെതിരെ മുഫ്‌തി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ബിജെപി മന്ത്രിമാരുടെ പ്രവര്‍ത്തനം ആദ്യം വിലയിരുത്തിയിട്ടുമതി മറ്റുള്ളവരെ വിലയിരുത്താന്‍ എന്നായിരുന്നു മുഫ്‌തിയുടെ പ്രതികരണം.

‘പഴയസഖ്യം ഞങ്ങളെ പലവിധത്തില്‍ ചൂഷണം ചെയ്‌തു. സഖ്യത്തോടുള്ള ഞങ്ങളുടെ ആത്മാര്‍ത്ഥയില്‍ അവര്‍ ഒരിക്കലും സഹകരിച്ചില്ല. അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കാതെ അതിനെ മൃദുസമീപനം എന്ന് മുദ്ര കുത്തുന്നത് വിഷമകരമാണ്.’ സഖ്യം രൂപീകരിച്ചപ്പോൾ ഒപ്പിട്ട കരാര്‍ പ്രകാരം മാത്രമാണ് താന്‍ തീരുമാനങ്ങള്‍ കൈകൊണ്ടിരുന്നതെന്നും മെഹ്ബൂബ കൂട്ടിച്ചേര്‍ത്തു.

മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ ബിജെപി എംഎല്‍എ ചൗധരി ലാല്‍ സിങ്ങിന്‍റെ കാര്യത്തില്‍ ബിജെപി എന്തു തീരുമാനമാണ് കൈക്കൊള്ളുന്നതെന്ന് മെഹ്ബൂബ ചോദിച്ചു. ജമ്മുവിനോടും ലഡാക്കിനോടും സര്‍ക്കാര്‍ വിവേചനം കാണിച്ചെന്ന ആരോപണത്തില്‍ വാസ്‌തവമില്ലെന്നും അവര്‍ വ്യക്തമാക്കി. കത്തുവ ബലാൽസംഘത്തെ അനുകൂലിച്ച മന്ത്രിമാരെ നീക്കം ചെയ്യുകയും ഗുജ്ജാര്‍, ബക്കര്‍വാള്‍ സമുദായങ്ങളെ അധിക്ഷേപിക്കരുതെന്ന് കാണിച്ച് ഉത്തരവിട്ടതുമെല്ലാം മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തമായിരുന്നുവെന്നും മെഹബൂബ മുഫ്‌തി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ