ഇസ്ലാമാബാദ്: ഇന്ത്യാ-പാക് ബന്ധം വഷളായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കശ്മീര്‍ വിഷയം നേരിടാന്‍ യുദ്ധമൊരു ഓപ്ഷനല്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. ഇന്ത്യയുമായൊരു സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യതയുണ്ടെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

പാക്കിസ്ഥാന്‍ ഒരിക്കലും ആക്രമണത്തിന്റെ പോളിസി പിന്തുടര്‍ന്നിട്ടില്ലെന്നും എന്നും സമാധാനമാണ് ആഗ്രഹിച്ചിരുന്നതെന്നും ഖുറേഷി പറഞ്ഞു. ഇമ്രാന്‍ ഖാന്‍ നയിക്കുന്ന സര്‍ക്കാര്‍ നിരന്തരം സമാധാന ചര്‍ച്ച നടത്താനാണ് ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ആണവ ശക്തികള്‍ യുദ്ധം ചെയ്താലുണ്ടാകുന്ന ദുരന്തത്തെ കുറിച്ച് ആലോചിച്ചായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.

Read More:‘ഇത് മുസ്ലീങ്ങളെ ലക്ഷ്യംവച്ചുള്ളത്’; പൗരത്വ രജിസ്റ്ററിനെതിരെ ഇമ്രാന്‍ ഖാന്‍

കശ്മീര്‍ വിഷയം ലോകരാഷ്ട്രങ്ങള്‍ അവഗണിച്ചാല്‍ ഇന്ത്യയുമായി നേരിട്ട് സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യത വര്‍ധിക്കുമെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. ദ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

‘കശ്മീരിനെതിരായും അവിടുത്തെ ജനങ്ങള്‍ക്ക് എതിരായും ഇന്ത്യന്‍ ആക്രമണം തുടര്‍ന്നാല്‍ അതിന്റെ പ്രത്യാഘാതം ആഗോള തലത്തിലായിരിക്കും. രണ്ട് ആണവ ശക്തികള്‍ സൈനിക ഏറ്റുമുട്ടലിലേക്ക് കൂടുതല്‍ അടുക്കുന്നത് ലോകത്തെ തന്നെ ബാധിക്കും,’ ഇമ്രാന്‍ ഖാന്‍ ലേഖനത്തില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook