കെയിറോ: അഫ്ഗാനിസ്ഥാനിലെ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ച് താലിബാന് വക്താന് മുഹമ്മദ് നയീം. രാജ്യാന്തര സമൂഹവുമായി സമാധാനപരമായ ബന്ധമാണ് പ്രതീക്ഷിക്കുന്നതെന്ന് അല്‍ജസീറയ്ക്ക് നല്കിയ അഭിമുഖത്തില്‍ നയീം പറഞ്ഞു. താലിബാന് ഒറ്റപ്പെട്ട് ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല, ഭരണം ഏത് രീതിയിലായിരിക്കുമെന്നത് ഉടന്‍ വ്യക്തമാക്കുമെന്നും നയീം കൂട്ടിച്ചേര്‍ത്തു.
ശരീഅത്ത് നിയമത്തിനുള്ളിൽ നിന്ന് സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും തങ്ങള്‍ ബഹുമാനിക്കുന്നതായും നയീം പറഞ്ഞു. എന്തെങ്കിലും പ്രശ്നങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കില് ചര്‍ച്ച ചെയ്ത് പരിഹാര മാര്‍ഗം കാണാമെന്നാണ് എല്ലാ രാജ്യങ്ങളോടും പറയാനുള്ളതെന്നും താലിബാന് വക്താവ് വ്യക്തമാക്കി.
താലിബാൻ ഇന്നലെയാണ് കാബൂളിൽ പ്രവേശിച്ചത്, പിന്നാലെ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിടുകയും ചെയ്തു. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തജിക്കിസ്ഥാനിലേക്കാണ് ഗനി പലായനം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
താലിബാന്റെ സമീപനത്തിൽ ഒരു നയതന്ത്ര സ്ഥാപനമോ ആസ്ഥാനമോ ലക്ഷ്യമിട്ടിട്ടില്ലെന്നും പൗരന്മാർക്കും നയതന്ത്ര ദൗത്യങ്ങൾക്കും സുരക്ഷ നൽകുമെന്നും നയീം പറഞ്ഞു. ഗനി രാജ്യം വിട്ടത് അപ്രതീക്ഷിതമായിരുന്നു, അദ്ദേഹത്തിന്റെ അടുത്തയാളുകള്‍ പോലും പ്രതീക്ഷിച്ചു കാണില്ലെന്നും താലിബാന് വക്താവ് അഭിപ്രായപ്പെട്ടു.
“എല്ലാ അഫ്ഗാന് പൗരന്മാരുമായും ചര്‍ച്ച നടത്താൻ ഞങ്ങൾ തയ്യാറാണ്, എല്ലാവര്ക്കും ആവശ്യമായ സംരക്ഷണം ഉറപ്പാക്കും. 20 വര്‍ഷത്തെ കാത്തിരിപ്പിന്റേയും ത്യാഗത്തിന്റേയും ഫലം താലിബാന് ലഭിച്ചു. ഞങ്ങളുടെ മണ്ണ് ഉപയോഗിക്കാന്‍ മറ്റാരെയും അനുവദിക്കില്ല. മറ്റുള്ളവരെ ഉപദ്രവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ല,” നയീം അൽ ജസീറ മുബാഷർ ടിവിയോട് പറഞ്ഞു.
Also Read: അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതായി റിപ്പോര്‍ട്ട്