ഗുരുദാസ്പൂര്‍: കശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന അന്‍സര്‍ ഖസ്വാത് ഉള് ഹിന്ദിന്റെ നേതാവ് സക്കീര്‍ മൂസയ്ക്കായി വലവിരിച്ച് പഞ്ചാബ് പൊലീസ്. ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ പോഷക സംഘടനയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരനേതാവ് പഞ്ചാബിലെ ഫിറോസ്പൂരില്‍ ഒളിച്ചിരിപ്പുണ്ടെന്ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ ശക്തമാക്കി. നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ സക്കീര്‍ മൂസയുടെ ചിത്രം സഹിതമുള്ള പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്.
ഇന്റലിജന്‍സ് ഏജന്‍സി നല്കിയ വിവരത്തെ അടിസ്ഥാനമാക്കിയാണ് പഞ്ചാബ് പൊലീസിന്റെ നീക്കം. ജെയ്ഷെ മുഹമ്മദിന്റെ ഏഴുപേരടങ്ങുന്ന സംഘത്തെ ഫിറോസ്പൂരില്‍ കണ്ടതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
സംസ്ഥാന അതിര്‍ത്തികളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും വാഹനങ്ങള്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷം മാത്രമാണ് കടത്തിവിടുന്നതെന്നും പൊലീസ് അറിയിച്ചു. സക്കീര്‍ മൂസയുടെ നീക്കങ്ങള്‍ പൊലീസ് ഏതാനും ദിവസങ്ങളായി നിരീക്ഷിച്ചിരുന്നുവെന്നാണ് സൂചനകള്‍.
കശ്മീരിലെ നോര്പോറ സ്വദേശിയാണ് സക്കീര്‍ മൂസ. ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയായി മൂസ ഹിസ്ബുള്‍ ഭീകര സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മൂസ ഹിസ്ബുള്‍ അംഗങ്ങളുമായി തെറ്റിപ്പിരിയുകയായിരുന്നു.