ന്യൂഡൽഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ വീണ്ടും വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. സോണിയ ഗാന്ധിയെയും മറ്റ് നേതാക്കളേയും അടുത്തിരുത്തി കൊണ്ടായിരുന്നു മുലായത്തിന്റെ പ്രസ്താവന.
മോദി അടുത്ത തവണയും പ്രധാനമന്ത്രിയാകട്ടെ എന്ന് ആശംസിച്ച മുലായം സഭയിലെ എല്ലാ അംഗങ്ങൾക്കും വിജയാശംസകൾ നേർന്നു. മുലായത്തിന്‍റെ പ്രസ്താവ സഭയിലുണ്ടായിരുന്ന ബിജെപി അംഗങ്ങൾ കൈയടിയോടെയാണ് വരവേറ്റത്. പ്രസംഗം അവസാനിച്ചപ്പോൾ മോദി കൈകൂപ്പി അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു.
ഉത്തർപ്രദേശിൽ സ്വന്തം പാർട്ടിയായ എസ്പിയും മായാവതിയുടെ ബിഎസ്പിയും ചേർന്ന് ബിജെപിക്കെതിരേ സംയുക്ത പോരാട്ടത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമുള്ള മുലായത്തിന്‍റെ പ്രസ്താവന പ്രതിപക്ഷ നിരയിലും അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്.
പ്രതിപക്ഷ നിരയിൽ സോണിയ ഉൾപ്പടെ എല്ലാവരും മുലായത്തിന്‍റെ പ്രസ്താവന ചിരിയോടെയാണ് വരവേറ്റത്. പ്രസ്താവന വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകളുണ്ടാക്കുമെന്നും ഉറപ്പാണ്. മുലായത്തിന്റെ മകന്‍ അഖിലേഷ് യാദവ് അടക്കമുളളവര്‍ മോദിക്കെതിരെ നീക്കം നടത്തുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രസ്താവന.