ന്യൂഡൽഹി: കശ്മീരിൽ പാക്കിസ്ഥാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പട്ടാളക്കാരുടെ വീടുകളിൽ വിലാപം തളംകെട്ടി നിൽക്കുകയാണ്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ഇന്നലെ പാക്ക് റേഞ്ചേഴ്സ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട സുബേധാർ പരംജിത് സിങ്, ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ പ്രേം സാഗർ എന്നീ സൈനികരുടെ മൃതദേഹങ്ങൾ ഇന്നാണ് വീട്ടിലെത്തുക.

അതിർത്തിയിൽ പട്രോളിങ് നടത്തുകയായിരുന്ന സൈനികരെ അതിർത്തി കടന്നുവന്ന പാക്ക് സൈന്യത്തിലെ ബോർഡർ ആക്ഷൻ ടീം (BAT) ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം രണ്ട് പട്ടാളക്കാരുടെയും തലയറുത്ത് മാറ്റി മൃതദേഹം വികൃതമാക്കുകയും ചെയ്തു. ഇതിന് തക്കതായ മറുപടി നൽകുമെന്ന് ഇന്ത്യൻ സൈന്യം പ്രഖ്യാപിച്ചിട്ടുണ്ട്.

പിതാവിന്റെ മരണവാർത്ത അറിഞ്ഞ ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ പ്രേം സാഗറിന്റെ മകൾ അതിവൈകാരികമായാണ് എഎൻഐയോട് പ്രതികരിച്ചത്. പിതാവിനെ കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തിൽ, “അച്ഛന്റെ ജീവത്യാഗത്തിന് പകരം എനിക്ക് 50 പേരുടെ തലകൾ വേണമെന്ന്” സരോജ് പറഞ്ഞു. ഉത്തർപ്രദേശിലെ ദയോരിയ ജില്ല സ്വദേശിയായിരുന്നു പ്രേം സാഗർ. 1994 ൽ ബിഎസ്എഫിൽ ചേർന്ന പ്രേംസാഗർ രണ്ട് വർഷം മുൻപാണ് ജമ്മു കശ്മീരിൽ എത്തിയത്. ഫെബ്രുവരിയിലാണ് അദ്ദേഹം അവസാനമായി വീട്ടിലെത്തിയത്.

പഞ്ചാബിലെ തരൻ തരൻ ജില്ല സ്വദേശിയാണ് സുബേധാർ പരംജിത് സിങ്. അദ്ദേഹത്തിന്റെ വീട്ടിലും സമാനമായ സാഹചര്യമാണ്.

“രാജ്യത്തിന് വേണ്ടിയാണ് അച്ഛൻ മരിച്ചത്. അതിൽ താൻ അഭിമാനം കൊള്ളുന്നുവെന്ന്” മകൾ സിമ്രാൻദീപ് എഎൻഐയോട് പറഞ്ഞു. അടുത്തിടെയാണ് അദ്ദേഹത്തിന്റെ വീട് നിർമ്മാണം പൂർത്തിയായതെന്നും അങ്ങോട്ടേയ്ക്ക് താമസം മാറ്റാനുള്ള തയ്യാറെടുപ്പിലായിരുന്നു പരംജിത്തെന്നും സഹോദരൻ പറഞ്ഞു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലെത്തേണ്ടിയിരുന്ന പരംജിത് സിങ്, സുഹൃത്തുക്കളുടെ ആവശ്യപ്രകാരമായിരുന്നു അവധി നീട്ടിവച്ചത്. “മെയ് 8 ന് വീട്ടിലെത്തുമെന്നാണ് അദ്ദേഹം അവസാനം വിളിച്ചപ്പോൾ അറിയിച്ചത്. അഞ്ച് മാസം മുൻപാണ് അദ്ദേഹം നാട്ടിൽ വന്ന് പോയത്.” പരംജിത്തിന്റെ ബന്ധു ദി ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.

“ഔദ്യോഗികമായി യാതൊരു അറിയിപ്പും മൃതദേഹം വികൃതമാക്കിയെന്ന കാര്യത്തിൽ ലഭിച്ചിട്ടില്ല. പക്ഷെ, ഇതിന് യോജിച്ച മറുപടി പാക്കിസ്ഥാന് തിരിച്ച് നൽകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം” ബന്ധു കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ