ലണ്ടൻ: ചൈനയും റഷ്യയും അമേരിക്കയുമടക്കം ലോക രാഷ്ട്രങ്ങളെയാകെ മുൾമുനയിൽ നിർത്തിയ വാണക്രൈ റാൻസംവെയറിൽ നിന്ന് രക്ഷ നേടാനുള്ള സുരക്ഷ നടപടികൾ സംസ്ഥാനത്തെ എടിഎമ്മുകളിൽ നടക്കും. ഇന്ത്യയൊട്ടാകെ നടക്കുന്ന കരുതൽ നടപടികളുടെ ഭാഗമായാണ് ഇത്.

റാൻസംവെയർ വ്യാപിക്കുന്നതിന്റെ വളർച്ചാ നിരക്കിൽ കുറവു വന്നതായാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഇത് സുരക്ഷാ നടപടികൾ കാര്യക്ഷമമായത് കൊണ്ടാണെന്ന് കരുതപ്പെടുന്നു. ഇന്ത്യ കനത്ത രീതിയിലുള്ള ആക്രമണം ഇന്നലെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്നലെ ഇതുണ്ടായില്ല.

എന്നാൽ റഷ്യയിലും ചൈനയിലും ഇന്നലെയും രൂക്ഷമായ ആക്രമണം നടന്നു. ചൈനയിൽ 29000 സ്ഥാപനങ്ങളിൽ റാൻസംവെയർ ആക്രമിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ റാൻസംവെയർ ആക്രമണത്തിൽ ഏറ്റവും അധികം മുറിവേറ്റത് റഷ്യയ്ക്കാണെന്നാണ് പുറത്തുവരുന്ന വിവരം. ഇവിടെ നിന്നുള്ള കണക്കുകൾ ലഭ്യമായിട്ടില്ല.

ഇന്ന് രാവിലെ ബാങ്കുകളിലെ കംപ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റവും ആന്റിവൈറസും പുതുക്കിയ ശേഷം മാത്രം പ്രവർത്തനം ആരംഭിച്ചാൽ മതിയെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പുറത്തുനിന്നുള്ള മെയിലുകളിലെ ഉള്ളടക്കം തടയുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

സുരക്ഷ ഉറപ്പാക്കിയാണ് ഇന്നലെ പല എടിഎമ്മുകളും തുറന്നത്. ഇന്ന് വീണ്ടും എടിഎമ്മുകളിൽ ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്റ്റുവെയർ പുതുക്കും. എടിഎമ്മുകളുടെ പ്രവർത്തനം മന്ദഗതിയിലാകാനുള്ള സാധ്യതകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ