ന്യൂഡൽഹി: മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതന പരിഷ്കരണവുമായി ബന്ധപ്പെട്ട് വീണ്ടും മാനേജ്മെന്റുകൾക്കെതിരെ സുപ്രീം കോടതി. സ്ഥിരം ജീവനക്കാർക്ക് മാത്രമല്ല, കരാർ ജീവനക്കാർക്കും മജീദിയ വേജ് ബോർഡ് ശുപാർശകൾ ബാധകമാണെന്ന് സുപ്രീം കോടതി വിധിച്ചു. മജീദിയ വേജ് ബോർഡ് ശുപാർശകൾ നടപ്പിലാക്കാതിരിക്കുന്നത് കോടതിയലക്ഷ്യമാകുമെന്നും ഇന്ത്യയിലെ പരമോന്നത കോടതി വിധിച്ചു.

ഫണ്ടില്ലെന്ന കാരണം കാട്ടി വേതനം നൽകാതിരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. “മജീദിയ വേജ് ബോർഡ് ശുപാർശകൾ സ്ഥിരം ജീവനക്കാർക്കെന്ന പോലെ കരാർ ജീവനക്കാർക്കും ബാധകമാണ്” എന്നാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിധിച്ചത്. ജസ്റ്റിൻ രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി.

ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് എന്ന സംഘടന അടക്കം മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവിധ സംഘടനകളുടെ ഹർജിയിലാണ് വിധി. ഈ വിഷയത്തിൽ മാനേജ്മെന്റുകൾക്കായി വാദിച്ചവർ വേജ് ബോർഡ് ശുപാർശകൾ നടപ്പിലാക്കാൻ സാധിക്കില്ലെന്ന് പറഞ്ഞിരുന്നു.

“മാധ്യമസ്ഥാപനങ്ങളുടെ സാമ്പത്തിക ശേഷിയേക്കാൾ ഉയർന്നതാണ് വേജ് ബോർഡ് ശുപാർശകളെന്ന്” ഇവർ കുറ്റപ്പെടുത്തി. “നിർബന്ധിച്ച് കൂടുതൽ വേതനം നൽകാൻ ആവശ്യപ്പെടുന്നത് പത്രസ്ഥാപനങ്ങളുടെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കു”മെന്ന് പത്രസ്ഥാപനങ്ങൾ പറഞ്ഞിരുന്നു.

എന്നാൽ പത്രസ്ഥാപനങ്ങൾക്ക് വേതനം നൽകാനുള്ള ശേഷിയുണ്ടെന്നായിരുന്നു തൊഴിലാളികൾ പറഞ്ഞത്. എന്നാൽ ഇക്കാര്യം മറച്ചുവെച്ചാണ് മാനേജ്മെന്റുകൾ തങ്ങളുടെ ഭാഗം നിരത്തുന്നതെന്ന് തൊഴിലാളികൾ കുറ്റപ്പെടുത്തി.

2007 ലാണ് രാജ്യത്തെ മാധ്യമപ്രവർത്തകരുടെ വേതനം നിശ്ചിത കാലയളവിൽ പരിഷ്കരിക്കുന്നത് പഠിക്കാൻ ജസ്റ്റിസ് മജീദിയ കമ്മിഷനെ യുപിഎ സർക്കാർ നിയമിച്ചത്. 2011 കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ഇതിനെതിരെ മാധ്യമ മാനേജമെന്റുകൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിജയിച്ചില്ല. എന്നാൽ പിന്നീട് മാധ്യമപ്രവർത്തകർക്ക് സ്ഥിരം നിയമനം നൽകാതെ മാനേജ്മെന്റുകൾ സുപ്രീം കോടതി വിധിയെ മറികടക്കാൻ ശ്രമിച്ചിരുന്നു. ഇതിനെതിരായാണ് ഇപ്പോഴത്തെ വിധി

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ