വോട്ടിംഗ് മെഷീനില്‍ ആർക്ക്  വോട്ട് രേഖപ്പെടുത്തിയാലും  വോട്ട്  മുഴുവന്‍ പോകുന്നത് ബി ജെ പിക്ക് എന്നും തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് എന്നുമുള്ള മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട്‌ ആരാഞ്ഞു.
മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം നടക്കുന്നത്. സമ്മതിദായകര്‍ക്ക് അവരുടെ വോട്ടു കൃത്യായി രേഖപ്പെടുന്നുണ്ടോ എന്നു ഉറപ്പുവരുത്തുവാനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്ന രസീറ്റ് പ്രിന്‍റിംഗ് സംവിധാനമായ വി.വി.പി.എ.ടി. (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) മെഷീന്‍ പ്രവര്‍ത്തിപ്പിച്ചു നോക്കിയപ്പോഴാണ് കുത്തുന്ന വോട്ടുകള്‍ എല്ലാം ബി.ജെ.പിക്കാണ് പോവുന്നത് എന്നു സൂചിപ്പിക്കുന്ന രീതിയില്‍ രസീറ്റുകള്‍ പ്രിന്‍റ് ചെയ്ത് വന്നത്.

മാധ്യമങ്ങള്‍ ഈ സംഭവത്തെ പരക്കെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. അടുത്താഴ്ച ഭിന്ദില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍, വോട്ടിംഗിന്‍റെ സാങ്കേതികത ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുന്നതിനിടയില്‍ ആണ് ഇത്തരമൊരു സംഭവം ശ്രദ്ധിക്കപ്പെടുന്നത്.

“ഞങ്ങള്‍ ജില്ല തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദമായൊരു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നു വൈകീട്ടേക്ക് ഒരു മറുപടിയുമായി തിരിച്ചുവരുന്നതായിരിക്കും.”
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വക്താവ് പറയുന്നു . വോട്ടര്‍മാര്‍ക്ക് ഏഴു സെകണ്ട് നേരത്തേക്ക് വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ കാണാന്‍ സാധിക്കും. തിരഞ്ഞെടുപ്പില്‍ തങ്ങള്‍ വോട്ടുചെയ്ത സ്ഥാനാര്‍ഥികള്‍ക്ക് തന്നെയാണ് വോട്ട് പതിഞ്ഞത് എന്ന്‍ ഉറപ്പു വരുത്തുന്ന രസീറ്റ് ആയിരിക്കും ഇത്.

മറ്റു സ്ഥാനാര്‍ത്തികള്‍ക്കു വോട്ടു ചെയ്യുമ്പോഴും വോട്ടുകളൊക്കെ ബി.ജെ.പിക്കു പതിയുന്നു എന്നതായിരുന്നു വി.വി.പി.എ.ടി മഷീന്റെ റസീറ്റ് അടിസ്ഥാനപ്പെടുത്തി മാധ്യമങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശം.

ഇതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട്‌ ചെയ്യരുത് എന്നും, റിപ്പോര്‍ട്ട്‌ ചെയ്യുകയാണ് എങ്കില്‍ മാധ്യമപ്രവര്‍ത്തകരെയൊക്കെ പോലീസ് ലോകപ്പില്‍ ഇടും എന്നും മധ്യപ്രദേശ് ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ആയ സലീന സിംഗ് പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം മായാവതി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിൽ ക്രമക്കേട് ആരോപിച്ചിരുന്നു. ഇതേ തുടർന്ന് രാജ്യവ്യാപകമായി വോട്ടിങ്ങ് യന്ത്രം മാറ്റി പഴയത് പോലെ ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് അഭിപ്രായം ഉയർന്നു വന്നു. എന്നാൽ ബി ജെ പി ഇതിനെ പ്രതിരോധിക്കുകയാണ് ചെയ്തത്. യു പി എ ഭരണകാലത്ത് ചില ബി ജെ പി നേതാക്കൾ  വോട്ടിങ്ങ് യന്ത്രം ക്രമക്കേട് ആരോപിച്ചിരുന്നു. എന്നാൽ ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകൾക്ക് ശേഷമാണ് ഈ​വിവാദം വളരെ ശക്തമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook