തലശ്ശേരി ഫസല്‍ വധക്കേസില്‍ പ്രതികളായ സിപിഎമ്മുകാര്‍ക്ക് വേണ്ടി വി.എസ്. അച്യുതാനന്ദന്‍ രംഗത്ത് . കേസില്‍ സിബിഐ പ്രതികളാക്കിയ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവർക്ക് പങ്കില്ലെന്ന തെളിവ് ലഭിച്ചിട്ടും അത് കോടതിയിലോ സിബിഐക്കോ സംസ്ഥാന സര്‍ക്കാരും പൊലീസും കൈമാറാത്തതിനെതിരെയാണ് വിഎസ് രംഗത്തു വന്നത്. ഈ വിഷയത്തിൽ നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന് വിഎസ് കത്ത് നല്‍കിയത്. സർക്കാരിന്റെയും പൊലീസിന്റെയും നടപടി ആർഎസ്എസിനെ സഹായിക്കുന്നതാണെന്ന് ആരോപണം ഉയരുന്നതിനിടെയാണ് വി എസിന്റെ കത്ത്.
പാര്‍ട്ടി വിരുദ്ധ നടപടിക്ക് കേന്ദ്ര കമ്മിറ്റിയുടെ അച്ചടക്ക നടപടി ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടിക്കു വേണ്ടിയുള്ള വിഎസ് ആദ്യ നീക്കം. ജനുവരി 10 ന് ചേര്‍ന്ന സംസ്ഥാന സമിതിക്ക് ശേഷമാണ് കത്ത് നല്‍കിയത്. ഫസിലിന്റെ കൊലപാതകികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന തെളിവും മൊഴിയും പൊലീസിന് ലഭിച്ചിട്ടും കേസ് അന്വേഷിക്കുന്ന സിബിഐക്കോ കോടതിക്കോ കൈമാറാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ലെന്നു വിഎസ് ആരോപിക്കുന്നു. കണ്ണൂരിലെ സിപിഎം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും ഈ കേസില്‍ പ്രതികളാണ്. എന്നിട്ടും തെളിവ് കൈമാറാത്തത് പൊലീസ് നയത്തിലെ വീഴ്ചയും സംഘപരിവാറിനെ സഹായിക്കുന്നതുമാണ്. വീഴ്ച വരുത്തിയ ലോക്‌നാഥ് ബെഹ്റയെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെടുന്നു. വിഎസിന്‍െറ കത്ത് നൽകിയ ശേഷം ജനുവരി 13 ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സിബിഐയെ കുറ്റപെടുത്തി പ്രസ്താവന ഇറക്കി. എന്നാല്‍ സംസ്ഥാന പൊലീസ് നടപടിയെ കുറിച്ച് പ്രസ്താവന മൗനം പാലിക്കുന്നു.
ഫസല്‍ വധം നടന്ന് പത്ത് വര്‍ഷത്തിന് ശേഷമാണ് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികളെന്ന തെളിവ് പൊലീസിന് ലഭിച്ചതായി പറയപ്പെടുന്നത്. സിപിഎം പ്രവർത്തകനായ കെ.മോഹനനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ആർഎസ്എസ് പ്രവർത്തകനായ സുബീഷ് എന്ന പ്രതിയിൽ നിന്നാണ് ഈ തെളിവുകൾ ലഭിച്ചിട്ടുള്ളത്. നവംബറിൽ ഇതു സംബന്ധിച്ച വാർത്ത വന്നെങ്കിലും പൊലീസ് ഇക്കാര്യം സിബിഐയെയോ കോടതിയെയോ അറിയിച്ചിട്ടില്ലെന്ന പരാതി സിപിഎം കണ്ണൂർ ഘടകത്തിനുണ്ട്.
വിഎസ് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയുമായിരിക്കെ മുന്‍ എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് 2006 ഒക്ടോബര്‍ 22 നാണ് ഫസല്‍ കൊല്ലപെട്ടത്. സിപിഎം വിട്ട് എൻഡിഎഫ് പ്രവര്‍ത്തകനായി മാറിയതാണ് ഫസലിനെ സിപിഎം കൊലപ്പെടുത്തുന്നതിന് കാരണമായി പൊലീസ് ആരോപിച്ചത്. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ അന്വേഷണം വഴിതെറ്റുന്നുവെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. ഈ കേസിൽ മൂന്ന് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. തുടക്കം മുതല്‍ വധത്തില്‍ പങ്കില്ലെന്ന നിലപാടായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടേത്. പാര്‍ട്ടിക്കാരുടെ അറസ്റ്റിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിയുടെ വീടിന് മുന്നിലൂടെ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സിബിഐ അന്വേഷണം ആവശ്യപെട്ടുള്ള ഫസലിന്‍െറ ഭാര്യയുടെ ഹർജിയിൽ ഹൈക്കോടതി 2008 ഫെബ്രുവരി 14 ന് അനുകൂല നിലപാട് സ്വീകരിച്ചു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മൂന്ന് പേരെ കൂടാതെ കാരായിമാരെ ഉള്‍പ്പടെ സിബിഐ പ്രതികളാക്കി.
കേസിലെ കോടതിവിധിയെ തുടർന്ന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനവാതെ എറണാകുളത്ത് കഴിയുകയാണ് കാരായിമാർ. തദ്ദേശ തിരഞ്ഞെടുപ്പിൽ തലശേരി നഗരസഭാ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കാരായി ചന്ദ്രശേഖരനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാരായി രാജനും സ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു. ഇതുവരെ പാർട്ടിക്കെതിരായ നിലപാടുകൾ സ്വീകരിക്കുന്നുവെന്നായിരുന്നു വിഎസിനെതിരായി ഉയർന്ന വിമർശനമെങ്കിൽ ഇപ്പോൾ പാർട്ടിക്കു വേണ്ടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ് വിഎസ്.