തിരുവനന്തപുരം: വിജിലൻസിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ. നാല് ദിവസത്തിനുള്ളിൽ രണ്ടാം തവണയാണ് വിഎസ് വിജിലിൻസിനെ ശക്തമായി വിമർശിക്കുന്നത്. ഒരിക്കൽ താൻ പിന്തുണച്ചിരുന്ന വിജിലൻസ് ഡയറക്ടർ ഡിജിപി ജേക്കബ് തോമസിനെതിരായാണ് വിഎസിന്റെ ആക്രമണം.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സർക്കാരിന്റെ അപ്രീതിക്ക് പാത്രമായ ജേക്കബ് തോമസിനെ പിന്തുണച്ച് അന്ന് വിഎസ് രംഗത്തെത്തിയിരുന്നു. പല വകുപ്പുകളിലും ജേക്കബ് തോമസ് സ്വീകരിച്ച നടപടികൾ അന്നത്തെ സർക്കാരിനെ അസ്വസ്ഥമാക്കുകയും സർക്കാരും ജേക്കബ് തോമസും തമ്മിൽ ഏറ്റുമുട്ടലിലേയ്ക്കു കാര്യങ്ങൾ എത്തുകയും ചെയ്ത സാഹചര്യങ്ങളിലാണ് പിന്തുണയുമായി വിഎസ് എത്തിയത്. എൽഡിഎഫ് സർക്കാർ അധികാരമേറ്റടെുത്തപ്പോൾ ജേക്കബ് തോമസിനെ വിജിലൻസ് ഡിജിപിയാക്കുയും ചെയ്തു. വിജിലൻസിലെത്തിയ ജേക്കബ് തോമസിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു വിഎസ്.അച്യുതാനന്ദന്. ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരായ കേസുകളുടെ കാര്യത്തിൽ ജേക്കബ് തോമസിന്റെ നടപടികൾ കടുത്ത വിമർശനം വിളിച്ചുവരുത്തുകയും ഭരണസ്തംഭനത്തിലേയ്ക്കു കാര്യങ്ങൾ എത്തിയപ്പോഴും വിഎസ് അഴിമതിക്കെതിരായ നിലപാടിനൊപ്പം എന്ന നിലപാടിൽ ഊന്നി നിന്നുകൊണ്ട് ജേക്കബ് തോമസിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. എന്നാൽ ഇപ്പോൾ വിജിലൻസ് വകുപ്പ് പലകേസുകളിലും സ്വീകരിക്കുന്ന സമീപനം അയവേറിയതാണെന്നും സ്വാധീനങ്ങൾക്കു വഴങ്ങുന്നുവെന്നുമാണ് വിഎസ് ആരോപിക്കുന്നത്.

കേസുകൾ സംബന്ധിച്ച അന്വേഷണവും നടത്തിപ്പും ഇഴഞ്ഞുനീങ്ങുകയാണെന്നു പറഞ്ഞ ജനുവരി 30 ലെ പ്രസംഗത്തിലാണ് അദ്ദേഹം വിജിലൻസിനെതിരായ തന്റെ പോർമുഖം തുറന്നത്. അഴിമതി കേസുകളിൽ പെടുന്ന പ്രമാണിമാർ കേസിനെ അതിജീവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബാർ കോഴകേസ് ഇഴഞ്ഞു നീങ്ങുകയാണെന്നും മൈക്രോഫിനാൻസ് തട്ടിപ്പ് കേസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്ന കോടതിവിധി ഉണ്ടായിട്ടും അക്കാര്യത്തിൽ ഇതുവരെ ഒന്നുമായിട്ടില്ലെന്നും പറഞ്ഞ വിഎസ് അഴിമതി കേസുകളെ പ്രമാണിമാർ അതിജീവിക്കുന്നുവെന്നും പറഞ്ഞു. സിപിഐയുടെ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിൽ സംഘടിപ്പിച്ച ക്വിറ്റ് കറപ്ഷൻ ജനപക്ഷ സദസ്സ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഈ പ്രസംഗം.

ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ന് വിജിലൻസിനെതിരെ വിമർശനവുമായി വിഎസ് രംഗത്തെത്തിയത്. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രത്യേക സംഘം രൂപീകരിച്ച് കേസ്​ അന്വേഷിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന വിമർശനവുമായി വിഎസ് രംഗത്തെത്തിയത്. വെള്ളാപ്പള്ളി നടേശനെതിരായി കോടതി നിർദ്ദേശമനുസരിച്ച് എഫ്ഐആർ റജിസ്റ്റർ ചെയ്തതൊഴിച്ചാൽ മറ്റൊന്നും സംഭവിച്ചിട്ടില്ല. പ്രതികളുടെ ഉന്നത സ്വാധീനം കൊണ്ട് കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് സംശയിക്കുന്നതായി വിഎസ് പ്രസ്താവനയിൽ ആരോപിച്ചു.

പാറ്റൂർ, ടൈറ്റാനിയം അഴിമതി കേസുകൾ, മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്, ബാർ കോഴ കേസ് എന്നിവ ത്വരിതപ്പെടുത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു. ടൈറ്റാനിയം കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രിമാരായ വി.കെ. ഇബ്രാഹിം കുഞ്ഞ്, രമേശ് ചെന്നിത്തല, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കെതിരായ കേസ് അന്വേഷിക്കണമെന്ന് കോടതി വിധിയുണ്ടായിട്ടും വിജിലൻസ് അന്വേഷണം നടക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിഎസ് പിന്തുണച്ച ഇന്നത്തെ വിജിലൻസ് ഡയറക്ടർക്കെതിരായണ് വിഎസിന്റെ ഇപ്പോഴത്തെ വിമർശനം. ഇത്രയധികം അഴിമതി കേസുകൾ അന്വേഷിക്കുന്നതിൽ​ വൈകുന്ന വിജലൻസ് പല ഉദ്യോഗസ്ഥർക്കെതിരായ ത്വരിത അന്വേഷണം പോലും എസ് പി മാരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്ന വിജിലൻസാണ് പ്രധാനപ്പെട്ട അഴിമതി കേസുകളിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നതിന് വിമുഖത കാണിക്കുന്നത് സ്വാധീനം കൊണ്ടാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook