മുംബൈ: പൗരത്വം തെളിയിക്കാൻ തിരിച്ചറിയൽ കാർഡോ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡോ ധാരാളമാണെന്ന് മുംബൈ കോടതി. ഇതിന്റെ പശ്ചാത്തലത്തിൽ “ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർ” എന്ന് ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത രണ്ടുപേരെ കോടതി കുറ്റവിമുക്തരാക്കി.

പാസ്‌പോർട്ട് നിയമങ്ങൾ ലംഘിച്ചതിന് കേസെടുത്ത അബ്ബാസ് ഷെയ്ഖിനെയും ഭാര്യ റാബിയ ഖത്തൂൺ ഷെയ്ഖിനെയും ഫെബ്രുവരി 11 ന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് എ എച്ച് കാശിക്കർ കുറ്റവിമുക്തനാക്കി. ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ റേഷൻ കാർഡ് എന്നിവ പൗരത്വത്തിന്റെ തെളിവായി വിശേഷിപ്പിക്കാനാവില്ലെങ്കിലും സാധുവായ വോട്ടർ തിരിച്ചറിയൽ കാർഡിന് ഇന്ത്യൻ പൗരത്വം തെളിയിക്കാൻ കഴിയുമെന്ന് കോടതി ഉത്തരവിൽ കുറിച്ചു.

Read More: പാക്കിസ്ഥാൻ സിന്ദാബാദ് മുഴക്കി വിദ്യാർഥിയെ തള്ളി ഒവൈസി

ഫെബ്രുവരി 12 ലെ ഉത്തരവിലൂടെ, പാൻ കാർഡ്, ബാങ്ക് രേഖകൾ, ഭൂമി നികുതി അടയ്ക്കുന്ന രസീതുകൾ എന്നിവയ്ക്കൊപ്പം തിരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയൽ കാർഡും പൗരത്വത്തിന് ഉപയോഗിക്കാൻ കഴിയില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി വിലയിരുത്തിയിരുന്നു.

ചില “ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർ” മുംബൈയിലെ റെയ് റോഡിൽ താമസിക്കുന്നതായി 2017 മാർച്ചിൽ വിവരം ലഭിച്ചതായി മുംബൈ പോലീസ് കോടതിയെ അറിയിച്ചിരുന്നു. ബംഗ്ലാദേശിൽ ദാരിദ്ര്യവും പട്ടിണിയും നേരിടുന്ന പ്രതികൾ സാധുവായ പ്രവേശന രേഖകളില്ലാതെ അനധികൃത വഴിയിലൂടെ ഇന്ത്യയിലേക്ക് കടന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇന്ത്യൻ പൗരത്വം തെളിയിക്കാൻ സാധുവായ രേഖകളൊന്നും അവരുടെ പക്കലില്ലെന്ന് പോലീസിന് വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സി ലിംഗായത്ത് വാദിച്ചു.

അബ്ബാസ് ഷെയ്ഖ് തന്റെ ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡന്റിറ്റി കാർഡ്, പാസ്ബുക്ക്, ഹെൽത്ത് കാർഡ്, റേഷൻ കാർഡ് എന്നിവ സമർപ്പിച്ചപ്പോൾ റാബിയ ഖത്തൂൺ തന്റെ ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവ സമർപ്പിച്ചിരുന്നു. പൊതു അധികാരികൾ പുറപ്പെടുവിച്ച ഈ രേഖകൾ തെളിവുകളിൽ സ്വീകാര്യമാണെന്ന് കോടതി വിലയിരുത്തി.

“ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ റേഷൻ കാർഡ് എന്നിവ പൗരത്വം തെളിയിക്കുന്ന രേഖകളായി വിശേഷിപ്പിക്കാനാവില്ല എന്നത് വ്യക്തമാണ്. കാരണം ഈ രേഖകൾ പൗരത്വത്തെ ഉദ്ദേശിച്ചുള്ളതല്ല,” കോടതി പറഞ്ഞു.

“… തിരഞ്ഞെടുപ്പ് കാർഡ് പൗരത്വത്തിന് മതിയായ തെളിവാണെന്ന് പറയാം, തിരഞ്ഞെടുപ്പ് കാർഡിനോ വോട്ടിംഗ് കാർഡിനോ അപേക്ഷിക്കുമ്പോൾ, ഒരു വ്യക്തി അധികാര പ്രാതിനിധ്യം ഫയൽ ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലെ ഒരു പൗരനാണെന്ന് തെളിയിക്കണം. എന്നാൽ ഇത് തെറ്റാണെന്ന് കണ്ടെത്തിയാൽ അയാൾ ശിക്ഷിക്കപ്പെടും,” എന്നും കോടതി കൂട്ടിച്ചേർത്തു.

“പ്രോസിക്യൂഷൻ വിരുദ്ധമായി തെളിയിക്കപ്പെടുന്നില്ലെങ്കിൽ പൗരത്വം തെളിയിക്കാൻ അത്തരമൊരു പ്രഖ്യാപനം മതിയാകും,” ജഡ്ജി പറഞ്ഞു.

പാസ്‌പോർട്ട് ചട്ടപ്രകാരവും വിദേശ നിയമപ്രകാരവും ആരോപണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ തീർത്തും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോടതി ആരോപണ വിധേയരായവരെ കുറ്റവിമുക്തരാക്കി.

Read in English

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook