ന്യുഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുസ്ലീമുകള്‍ക്കെതിരെ ഭീഷണി മുഴക്കി കേന്ദ്രമന്ത്രി മനേകാ ഗാന്ധി. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്ലീങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കി കൊടുക്കില്ലെന്നായിരുന്നു മനേകയുടെ ഭീഷണി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

താന്‍ സൗഹൃദത്തിന്റെ കരം നീട്ടുകയാണെന്നും പകരം എന്തെങ്കിലും കിട്ടാതെ എപ്പോഴും നല്‍കാന്‍ സാധിക്കിലെന്നും മനേക പറഞ്ഞു.

”ഞാന്‍ വിജയിക്കും. തീര്‍ച്ചയായും. എന്നാല്‍ എന്റെ വിജയം മുസ്ലീം വോട്ടുകളില്ലാതെയാണെങ്കില്‍ എനിക്ക് ഇഷ്ടമാകില്ല. പിന്നെ ഒരു കയ്പ്പ് അനുഭവപ്പെടും. മുസ്ലീമുകള്‍ എന്തെങ്കിലും കാര്യത്തിനായി വന്നാല്‍ ഇതുകൊണ്ട് എന്ത് മാറ്റമുണ്ടാകാനാണ് എന്ന് ഞാന്‍ ചിന്തിക്കും. ഇതൊക്കൊരു നീക്കുപോക്കല്ലേ? ലാഭം ഇച്ഛിക്കാതെ നല്‍കാന്‍ നമ്മളൊന്നും മഹാത്മാ ഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ?”, മനേക പറഞ്ഞു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ നടന്ന പ്രചരണ റാലിയിലായിരുന്നു മനേകയുടെ വിവാദ പ്രസംഗം.

”ഞാന്‍ സൗഹൃദത്തിന്റെ കരം നീട്ടുകയാണ്. എന്റെ മുന്‍ മണ്ഡലത്തിലെ ആരോടും എന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ചോദിക്കാം. ഞാന്‍ നേരത്തേ തന്നെ ജയിച്ചതാണ്. ബാക്കി നിങ്ങളുടെ കൈയ്യിലാണ്. അടിത്തറ പാകാന്‍ നിങ്ങള്‍ക്കുള്ള അവസരമാണിത്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഈ ബൂത്തില്‍ നിന്ന് 100 ഓ 50 ഓ വോട്ട് ആണ് വരുന്നതെങ്കില്‍ നിങ്ങള്‍ എന്തെങ്കിലും കാര്യത്തിന് വരുമ്പോള്‍ കാണാം… നിങ്ങള്‍ക്ക് മനസിലായില്ലേ?” അവര്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ