ന്യൂഡൽഹി: ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത അമിത് ഷാ, ഷഹീൻ ബാഗ് പോലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ബിജെപിക്ക് വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഷഹീൻ ബാഗിനോടുള്ള ​വെറുപ്പ് ഫെബ്രുവരി എട്ടിന് വോട്ടിങ് യന്ത്രത്തിൽ വിരൽ അമർത്തുമ്പോൾ കാണിക്കണമെന്നും അമിത് ഷാ പറഞ്ഞു.

ആം ആദ്മി പാർട്ടിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച അമിഷ് ഷാ, മറ്റുള്ള സംസ്ഥാനങ്ങൾ കുടിവെള്ളം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുമ്പോൾ, കെജ്‌രിവാൾ നുണയന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടുകയാണ് ചെയ്തതെന്നും പറഞ്ഞു.

Read More: ‘ഈ അപമാനം ഒരിക്കലും മറക്കില്ല, ഞാൻ ഉടൻ മടങ്ങിയെത്തും’: ചന്ദ്രശേഖർ ആസാദ്

ന്യൂഡൽഹിയിലെ ബാബർപൂരിൽ നടന്ന പൊതുയോഗത്തിൽ പൗരത്വ ഭേദഗതി നിയമ പ്രക്ഷോഭത്തിനിടെ നഗരത്തിൽ നടന്ന ആക്രമണങ്ങൾക്ക് ആം ആദ്മി പാർട്ടിയേയും കോൺഗ്രസ് പാർട്ടിയേയും അമിത് ഷാ കുറ്റപ്പെടുത്തി. ഫെബ്രുവരി 11ന് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ സ്ഥലം വിടണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

“രാഹുൽ ബാബ, കെജ്‌രിവാൾ കമ്പനി മോദി ജി കൊണ്ടുവന്ന സിഎഎയെ എതിർക്കുന്നു. അവർ ഡൽഹിയിൽ കലാപത്തിന് പ്രേരിപ്പിക്കുകയും ആളുകളെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. വാഹനങ്ങളും മറ്റും കത്തിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെ എത്തിക്കുകയും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഇവരെ വീണ്ടും തിരഞ്ഞെടുത്താൽ ഡൽഹി ഒരിക്കലും സുരക്ഷിതമാകില്ല,” അമിത് ഷാ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ കെജ്‌രിവാൾ സർക്കാരിനെ പുറത്താക്കാനുള്ള ബിജെപിയുടെ പ്രചാരണത്തിന് ആവേശം നൽകുകയാണ് അമിത് ഷായുടെ പ്രസംഗത്തിന്റെ ഉദ്ദേശ്യം. ബിജെപി അധികാരത്തിൽ വന്നാൽ ഡൽഹിയെ ‘ലോകോത്തര നഗരമായി’ ഉയർത്തുമെന്ന് ഷാ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.

“മാലിന്യ വിമുക്തമായ ഡൽഹിയാണ് നമുക്കാവശ്യം. എല്ലാ വീട്ടിലും കുടിയ്ക്കാൻ ശുദ്ധമായ വെള്ളം ഉണ്ടാകണം. 24 മണിക്കൂർ വൈദ്യുതി, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സൗ​കര്യം. ഇവിടെ അനധികൃത കോളനികൾ വേണ്ട. മികച്ച ഗതാഗത സൗ​കര്യം, സൈക്കിൾ ട്രാക്ക്, ലോകോത്തരമായ മികച്ച റോഡുകൾ, ഇവിടെ ട്രാഫിക് കുരുക്കുകളോ ഷഹീൻ ബാഗുകളോ വേണ്ട. അത്തരമൊരു ഡൽഹിയാണ് നമുക്കാവശ്യം,” അമിത് ഷാ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook