/indian-express-malayalam/media/media_files/uploads/2021/08/Kumar-Mangalam-Birla.jpg)
ന്യൂഡല്‍ഹി: ടെലികോം കമ്പനിയായ വി (മുന്‍പ് വോഡഫോണ്‍ ഐഡിയ) യിലെ തന്റെ മുഴുവന്‍ ഓഹരിയും കൈമാറാന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് കുമാര്‍ മംഗലം ബിര്‍ള. പൊതുമേഖലയിലോ സര്‍ക്കാര്‍ ഉടമസ്ഥതയിലോ ഉള്ള ഏതെങ്കിലും സ്ഥാപനത്തിനോ, ആഭ്യന്തര ധനകാര്യ സ്ഥാപനത്തിനോ അതല്ലെങ്കില്‍ കമ്പനിയെ നിലനിര്‍ത്താന്‍ അനുയോജ്യമെന്ന് സര്‍ക്കാര്‍ കരുതുന്ന മറ്റേതെങ്കിലും സ്ഥാപനത്തിനോ ഓഹരികള്‍ കൈമാറാമെന്നാണ് ബിര്‍ളയുടെ വാഗ്ദാനം.
വിവിധ നിക്ഷേപകരില്‍ നിന്ന് 25,000 കോടി രൂപ സമാഹരിക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ടെങ്കിലും അവരില്‍ ഭൂരിഭാഗവും, മൂന്നു കമ്പനികളെ ടെലികോം വിപണിയില്‍ നിലനിര്‍ത്താന്‍ സര്‍ക്കാരിന് ആഗ്രഹമുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആഗ്രഹിക്കുന്നതായി വി ചെയര്‍മാനായ ബിര്‍ള കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയ്‌ക്കെഴുതിയ കത്തില്‍ പറഞ്ഞു. ജൂണ്‍ ഏഴിനാണു കത്തെഴുതിയത്.
''ഈ ധനസമാഹരണത്തില്‍ സജീവമായി പങ്കെടുക്കാന്‍, സാധ്യതയുള്ള വിദേശ നിക്ഷേപകര്‍ (കൂടുതലും ചൈനക്കാരല്ലാത്തവര്‍. ഞങ്ങള്‍ ഇതുവരെ ഏതെങ്കിലും ചൈനീസ് നിക്ഷേപകരെ സമീപിച്ചിട്ടില്ല) ടെലികോം വിപണിയില്‍ മൂന്നു കമ്പനികള്‍ എന്ന വ്യക്തമായ സര്‍ക്കാര്‍ ലക്ഷ്യം (അതിന്റെ പൊതു നിലപാടിന് അനുസൃതമായി) ക്രമീകരിച്ച മൊത്ത വരുമാന (എജിആര്‍) ബാധ്യത സംബന്ധിച്ച വ്യക്തത, സ്‌പെക്ട്രം പേയ്മെന്റുകള്‍ക്കു മതിയായ മൊറട്ടോറിയം, സേവന ചെലവിനു മുകളിലുള്ള അടിസ്ഥാന വിലനിര്‍ണയം തുടങ്ങിയ ദീര്‍ഘകാല അഭ്യര്‍ഥനകള്‍ സംബന്ധിച്ച ക്രിയാത്മക നടപടികളിലൂടെ കാണാന്‍ ആഗ്രഹിക്കുന്നു,'' ബിര്‍ള കത്തില്‍ പറഞ്ഞു. കത്തിന്റെ പകര്‍പ്പ് ഇന്ത്യന്‍ എക്‌സ്പ്രസ് കണ്ടു.
ബിര്‍ളയ്ക്ക് വിയില്‍ 27 ശതമാനത്തിലധികം ഓഹരിയാണുള്ളത്. മറ്റൊരു പങ്കാളിയായ വോഡഫോണ്‍ പിഎല്‍സി ആഗോള സ്ഥാപനത്തിന് 44 ശതമാനത്തിലധികം ഓഹരിയുണ്ട്. പത്ത് വര്‍ഷത്തെ എജിആര്‍ തുകയായി 60,000 കോടിയിലധികം രൂപ കമ്പനി സര്‍ക്കാരിനു നല്‍കാനുണ്ട്. അടുത്ത 10 വര്‍ഷം ഓരോ സാമ്പത്തിക പാദത്തിലും ഏതാണ്ട് 1500 കോടി രൂപ വീതം കമ്പനി എജിആര്‍ കുടിശികയായി ടെലികമ്യൂണിക്കേഷന്‍ വകുപ്പിന് നല്‍കണം.
ഇതിനുപുറമെ, മാര്‍ച്ച് 31 വരെ 96,270 കോടി രൂപ സ്‌പെക്ട്രം ലേലവുമായി ബന്ധപ്പെട്ട ബാധ്യതകള്‍ക്കായും 23,000 കോടി രൂപ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമായും അടച്ചു. കഴിഞ്ഞകാലത്തെ നിയമപരമായ കുടിശിക സംബന്ധിച്ച ബാധ്യതകളിന്മേല്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയില്ലെങ്കില്‍ വി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നു 2019 ഡിസംബറില്‍ ഒരു മാധ്യമ പരിപാടിക്കിടെ ബിര്‍ള പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.