ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനും റഷ്യൻ ഉന്നതതല സംഘവും ഇന്ന് ഇന്ത്യയിലെത്തും. എസ് 400 മിസൈല്‍ കരാറടക്കം 20 ഓളം പ്രധാന കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പുവയ്ക്കും. വെളളിയാഴ്ചയാണ് പുടിൻ-മോദി കൂടിക്കാഴ്ച.

500 കോടി ഡോളറിന്റെ ആയുധകരാറാണ് ഇന്ത്യയും റഷ്യയും തമ്മില്‍ ഒപ്പിടാനായി പോകുന്നത്. റഷ്യയുടെ എസ് 400 മിസൈലുകളില്‍ അഞ്ചെണ്ണം വാങ്ങിക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ പ്രതിരോധ സംവിധാനങ്ങളിലൊന്നായ എസ് 400 ട്രയംഫ് 2015 ല്‍ സിറിയയില്‍ റഷ്യയുടെയും സിറിയയുടെയും നാവിക, വ്യോമയാന സംവിധാനങ്ങളെ സംരക്ഷിക്കാനായി നിയോഗിച്ചിരുന്നു.

എസ് 400 മിസൈലുകള്‍ വാങ്ങാനുള്ള ഇന്ത്യയുടെ നടപടിയില്‍ അമേരിക്കയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. എന്നാൽ ആണവ-ബഹിരാകാശ-സാമ്പത്തിക മേഖലകളിൽ 20 കരാറുകളാണ് ഇന്ത്യയും റഷ്യയും ഒപ്പുവയ്ക്കുന്നത്. റഷ്യയുമായി പ്രതിരോധ ഇടപാടുകള്‍ നടത്തുന്നതിലൂടെ ഉപരോധം ഏര്‍പ്പെടുത്താതിരിക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യ നടത്തിയതായാണ് വിവരം.

മിസൈല്‍ കരാറിന് പുറമെ റഷ്യയും ഇന്ത്യയും തമ്മിലുള്ള ചെറുകിട ഇടത്തരം സംരംഭങ്ങളുടെ മേഖലയിലെ സഹകരണ കരാറും പുടിന്റെ സന്ദര്‍ശനവേളയില്‍ ഒപ്പിടും. റോഡ് ഗതാഗത വ്യവസായ രംഗത്തെ സഹകരണത്തിലും റഷ്യയുമായി നയതന്ത്രകരാര്‍ ഒപ്പിടുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ