ന്യൂഡല്‍ഹി: ബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 250 പേര് കൊല്ലപ്പെട്ടെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാദത്തെ പിന്തുണച്ച് കേന്ദ്ര മന്ത്രി വികെ സിങ്. ഷാ പറഞ്ഞത് കൃത്യമായ എണ്ണമല്ലെന്നും ഏകദേശ കണക്ക് മാത്രമാണെന്നുമായിരുന്നു വികെ സിങിന്റെ പ്രസ്താവന.
”അത് ആക്രമിക്കപ്പെട്ട കെട്ടിടങ്ങളിലുണ്ടായിരുന്നവരുടെ എണ്ണത്തെ അടിസ്ഥാനമാക്കി പറഞ്ഞതാണ്. സ്ഥിരീകരിച്ച എണ്ണമല്ല അദ്ദേഹം പറഞ്ഞത്. അത്ര പേര് മരിച്ചിട്ടുണ്ടാകാം എന്നാണ് അദ്ദേഹം പറഞ്ഞത്” എന്നായിരുന്നു വികെ സിങിന്റെ പ്രതികരണം.
പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഫെബ്രുവരി 26ന് പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ 250ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. അഹമ്മദാബാദിലെ പാര്‍ട്ടി യോഗത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
‘ഉറി ആക്രമണത്തിന് ശേഷം സൈന്യം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. എന്നാല്‍ പുല്‍വാമ ആക്രമണം കഴിഞ്ഞപ്പോള്‍ പലരും പറഞ്ഞു സര്‍ജിക്കല്‍ സ്ട്രൈക്ക് സാധ്യമല്ല എന്ന്. എന്നാല്‍ 13ാമത്തെ ദിവസം നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ മിന്നലാക്രമണത്തില്‍, 250 ഭീകരരാണ് കൊല്ലപ്പെട്ടത്. മറ്റൊരു നഷ്ടവും സംഭവിച്ചിട്ടില്ല,’ അമിത് ഷാ പറഞ്ഞു.