ബംഗളുരു: അണ്ണാ ഡിഎംകെ മുൻ അധ്യക്ഷ വി.കെ. ശശികലയുടെ പരോൾ അപേക്ഷ തള്ളി. കരൾരോഗത്തെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഭർത്താവ് എം.നടരാജനെ പരിചരിക്കുന്നതിനു 15 ദിവസത്തെ പരോളിനാണ് ശശികല അപേക്ഷിച്ചിരുന്നത്.
66.6 കോടി രൂപയുടെ അനധികൃത സ്വത്തുസമ്പാദനക്കേസിൽ നാലു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയിലിലാണ് ശശികല ഇപ്പോൾ. കരൾമാറ്റ ശസ്ത്രക്രിയ വൈകാതെ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ശശികല പരോളിന് അപേക്ഷ നൽകിയിരുന്നത്. അതേസമയം, ചെന്നൈയിലെ ആശുപത്രിയിൽ കഴിയുന്ന നടരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണു സൂചന.
ഇതിനിടെ തടവിൽ കഴിയുന്ന ശശികലയും ബന്ധു ഇളവരശിയും ജയിലിന് പുറത്തേക്ക് പോയിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ജയിൽ വസ്ത്രങ്ങൾ ധരിക്കാതെ ഇരുവരും പുറത്തേക്ക് പോവുന്നതിന്റെ ദൃശ്യങ്ങൾ മുൻ ജയിൽ ഡി.ഐ.ജി ഡി.രൂപയാണ് കർണാടക പൊലീസിന്റെ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് കൈമാറിയത്.