ചെന്നൈ: അണ്ണാ ഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട, ജയലളിതയുടെ തോഴി വി.കെ.ശശികലയുടെ ഭർത്താവ് എം.നടരാജൻ അന്തരിച്ചു. ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയവെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മാസങ്ങൾക്ക് മുൻപ് കരൾ, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് ഇദ്ദേഹം വിധേയനായിരുന്നു. രണ്ടാഴ്ച മുൻപാണ് അണുബാധ മൂർച്ഛിച്ചത്. ഇതേ തുടർന്ന് ഇദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട വി.കെ.ശശികല ഇപ്പോഴും തടവിൽ കഴിയുകയാണ്. ദീർഘകാലമായി ഭർത്താവിനോട് അകന്ന് കഴിഞ്ഞിരുന്ന ശശികലയും നടരാജനും ജയലളിതയുടെ മരണത്തിന് പിന്നാലെ വീണ്ടും ഒന്നിച്ചിരുന്നു.

അതേസമയം, നേരത്തെ നടരാജൻ ചികിത്സയിൽ കഴിഞ്ഞപ്പോൾ ശശികലയ്ക്ക് അഞ്ച് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. ഇത്തവണയും പരോളിന് അപേക്ഷ നൽകിയിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ