ബെംഗളൂരു: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയും അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി.കെ. ശശികല (66) ഞായറാഴ്ച ആശുപത്രിവിടും. ബെംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശശികലയെ നാളെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് അറിയുന്നത്.
ഞായറാഴ്ച 10 ദിവസത്തെ ചികിത്സ പൂര്‍ത്തിയാകും. മൂന്നു ദിവസമായി കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നില്ല. കൃത്രിമ ഓക്‌സിജന്‍ നല്‍കാതെ തന്നെ ശ്വസിക്കാനാവുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ഞായറാഴ്ച ശശികലയെ ആശുപത്രിയില്‍നിന്നും വിടാനാവുമെന്ന് മെഡിക്കല്‍ കോളജ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആശുപത്രിവിട്ടാല്‍ ഏതാനും ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണമെന്നും ഡോക്ടര്‍മാരുടെ സംഘം അറിയിച്ചിട്ടുണ്ട്.
Read More: നാലു വർഷത്തെ ശിക്ഷ പൂർത്തിയാക്കിയ ശശികല ജയിൽ മോചിതയായി
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പാരപ്പന അഗ്രഹാര ജയിലിൽ നാലു വർഷത്തെ ശിക്ഷ പൂർത്തിയാക്കിയ ശശികല കഴിഞ്ഞദിവസമാണ് മോചിതയായത്. ആശുപത്രിയിൽ നിന്നും നേരെ ചെന്നൈയിലേക്കാണ് ശശികല പോകുക. ശശികലയ്ക്ക് താമസിക്കുന്നതിനായി കുടുംബാംഗങ്ങൾ അഞ്ചു സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ശശികലയുടെ അനന്തരവൾ കൃഷ്ണപ്രിയയുടെ വസതിയോട് ചേർന്നുള്ള വീട്ടിൽ താമസിക്കാനാണ് കൂടുതൽ സധ്യത. ശശികലയുടെ ബന്ധു ഇളവരശിയുടെ മകളാണ് കൃഷ്ണപ്രിയ. അനധികൃത സ്വത്ത് സന്പാദന കേസിൽ കൂട്ടുപ്രതിയായിരുന്നു ഇളവരശി. 2017 ൽ അഞ്ചു ദിവസത്തെ പരോൾ ലഭിച്ചപ്പോൾ കൃഷ്ണപ്രിയയുടെ വീട്ടിലാണ് ശശികല താമസിച്ചത്.
അനധികൃത സ്വത്ത് സന്പാദന കേസിൽ നാലു വർഷം തടവും 10 കോടി രൂപ പിഴയുമായിരുന്നു വിചാരണ കോടതി ശശികലയ്ക്ക് വിധിച്ച ശിക്ഷ. സുപ്രീം കോടതി ഇത് ശരിവയ്ക്കുകയും ചെയ്തു. ജഡ്‌ജിമാരായ പിനാകി ചന്ദ്ര ഘോഷും അമിതാവ റോയിയും ഉൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജയലളിത ആദ്യം മുഖ്യമന്ത്രിയായിരുന്ന 1991-96 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. ജയലളിത, ശശികല, ജയലളിതയുടെ വളർത്തുമകൻ സുധാകരൻ, ബന്ധു ഇളവരശി എന്നിവരാണ് കേസിലെ പ്രതികൾ.
2014 സെപ്‌റ്റംബർ 27ന് നാലു പ്രതികൾക്കും നാലു വർഷം തടവ് വിചാരണക്കോടതി വിധിച്ചു. പിഴയായി ജയലളിത 100 കോടി രൂപയും മറ്റുള്ളവർ 10 കോടി വീതവും അടയ്‌ക്കണമെന്നും കോടതി വിധിച്ചു. എന്നാൽ 2015 ൽ പ്രതികളുടെ അപ്പീൽ അനുവദിച്ച കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് നാലു പേരെയും കുറ്റവിമുക്‌തരാക്കി. ഇതിനെതിരെ കർണാടക സർക്കാരും ഡിഎംകെ നേതാവ് കെ.അൻപഴകനും നൽകിയ അപ്പീലിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.