ന്യൂഡല്‍ഹി: വി.കെ. കൃഷ്ണമേനോനെ പ്രതിരോധമന്ത്രിയായി നിയമിച്ചത് അന്നത്തെ പ്രധ്രാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനു സംഭവിച്ച അബദ്ധമായിരുന്നുവെന്നു രാജ്യസഭാ എംപിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്.
ദി വയറിനുവേണ്ടി കരണ്‍ ഥാപര്‍ നടത്തിയ അഭിമുഖ സംഭാഷണത്തിലായിരുന്നു ജയറാം രമേശിന്റെ വിവാദ വെളിപ്പെടുത്തല്‍. ‘എ ചെക്കേര്‍ഡ് ബ്രില്യന്‍സ്: മെനി ലൈവ്‌സ് ഓഫ് വി.കെ. കൃഷ്ണ മേനോന്‍’ എന്ന ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശനം ബുധനാഴ്ച നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു അഭിമുഖം.ജയറാം രമേശാണു പുസ്തകത്തിന്റെ രചയിതാവ്.
ചൈനയോട് പരാജയപ്പെട്ട 1962ലെ യുദ്ധകാലത്ത് പ്രതിരോധമന്ത്രിയായിരുന്ന കൃഷ്ണമേനോന്‍ ആ സ്ഥാനത്ത് പരാജയമായിരുന്നുവെന്നു ജയറാം രമേശ് പറഞ്ഞു. മേനോന്‍ കരസേനയെ ഭിന്നിപ്പിക്കുകയും ആത്മവീര്യം കെടുത്തുകയും ചെയ്തതായും അദ്ദേഹം ആരോപിച്ചു.
”മോശം പ്രതിരോധമന്ത്രിയായ മേനോന്‍ ശുഷ്‌കവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉപദേശങ്ങളാണു നെഹ്‌റുവിന് എപ്പോഴും നല്‍കിയത്. അദ്ദേഹം അരക്ഷിതനായിരുന്നു. തന്റെ യോഗ്യതയും മൂല്യവും ഉറപ്പുവരുത്താന്‍ അദ്ദേഹം ആഗ്രഹിച്ചു. നെഹ്‌റുവുമായി അടുപ്പമുള്ളയാളായിരുന്നുവെങ്കിലും അദ്ദേഹം പതിവായി രാജിഭീഷണി മുഴക്കി. ഇതു നെഹ്‌റുവിന്റെ ക്ഷമയെയും സഹിഷ്ണുതയെയും ചോര്‍ത്തിക്കളഞ്ഞു,” ജയറാം രമേശ് അഭിമുഖത്തില്‍ പറഞ്ഞു.