മുംബൈ: വിഴിഞ്ഞം തുറമുഖസമരം അവസാനിച്ചതിന് പിന്നാലെ തീരദേശജനതയ്ക്ക് ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പ്രാധാന്യമുള്ള കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സഭയിലെ ഒരു അംഗത്തെ അനുവദിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ചട്ടം 377 ഉപയോഗിച്ചാണ് തരൂര്‍ മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടികാണിച്ചത്.
വിഴിഞ്ഞം തുറമുഖത്തിന് പ്രാധാന്യമുണ്ടെന്നും തുറമുഖ നിര്‍മ്മാണത്തിനുള്ള തടസങ്ങള്‍ അവസാനിച്ചതിനാല്‍ തീരപ്രദേശത്ത് ദുരിതമനുഭവിക്കുന്നവരെ സര്‍ക്കാര്‍ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്നും തരൂര്‍ പറഞ്ഞു. തെക്കന്‍ കേരളത്തിന്റെ തീരപ്രദേശത്തെ തീരദേശ ശോഷണത്തെക്കുറിച്ച് സര്‍ക്കാര്‍ പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
138 ദിവസത്തിന് ശേഷം മുള്ളൂരിലെ പ്രധാന തുറമുഖ കവാടത്തില്‍ തുറമുഖ വിരുദ്ധ സമരം ചൊവ്വാഴ്ച അവസാനിച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുക, തീരദേശ ആഘാത പഠനം നടത്തുക തുടങ്ങിയ ഏഴ് ഇന ആവശ്യങ്ങളാണ് സമരസമിതി ഉന്നയിച്ചത്. തുറമുഖത്തിന്റെ ഭാഗമായി അശാസ്ത്രീയമായ കല്മുട്ടുകളുടെ നിര്‍മ്മാണവും കൃത്രിമ കടല്‍ഭിത്തികളും വര്‍ധിച്ചുവരുന്ന തീരപ്രദേശ ശോഷണത്തിന് കാരണമാകുമെന്ന് തുറമുഖ വിരുദ്ധ സമരസമിതി ആരോപിച്ചിരുന്നു. വിഴിഞ്ഞം തുറമുഖം രാജ്യ വികസനത്തിനും ദക്ഷിണേന്ത്യയുടെ വികസനത്തിനും വഴിതുറക്കുമെന്ന് കഴിഞ്ഞ ദിവസം തരൂര്‍ പറഞ്ഞിരുന്നു.പ്രദേശത്ത് സമാധാനം ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഇരുപക്ഷവും കര്‍ശനമായ നടപടികള്‍ സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.