മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ജിയോ പ്ലാറ്റ്ഫോംസില്‍ അമേരിക്കയിലെ പ്രൈവറ്റ് ഇക്വിറ്റി, വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനമായ വിസ്ത ഇക്വിറ്റ് പാര്‍ട്ട്ണേഴ്സ് നിക്ഷേപം നടത്തി. ഫെയ്സ്ബുക്കും സില്വര്ലേക്കും നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് ജിയോ പ്ലാറ്റ്ഫോംസില്‍ അമേരിക്കന്‍ വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനം 2.32 ശതമാനം ഓഹരികളില്‍ 11,367 കോടി രൂപയുടെ നിക്ഷേപം നടത്തിയത്.
റിലയന്‍സിന്റെ ഉപകമ്പനിയായ ജിയോ പ്ലാറ്റ്ഫോംസ് ഡിജിറ്റല്‍ ആപ്പുകള്‍, ഡിജിറ്റല്‍ പരിസ്ഥിതി, മൊബൈല്‍ സേവന രംഗത്താണ് പ്രവര്‍ത്തിക്കുന്നത്.
റിലയന്‍സ് ബോംബെ ഓഹരി വിപണിയില്‍ നല്കിയ രേഖകള്‍ പ്രകാരം വിസ്തയുടെ നിക്ഷേപം ജിയോ പ്ലാറ്റ്ഫോംസിന്റെ ഓഹരി മൂല്യം 4.91 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മൊത്ത ആസ്തി മൂല്യം 5.16 ലക്ഷം കോടി രൂപയും.
കഴിഞ്ഞ മൂന്നാഴ്ചകള്ക്കിടയില് ജിയോ പ്ലാറ്റ്ഫോംസ് മൂന്ന് പ്രമുഖ സാങ്കേതിക വിദ്യാ നിക്ഷേപകരില്‍ നിന്നും 60,596.37 കോടി രൂപയാണ് സ്വരൂപിച്ചത്.
ജിയോ പ്ലാറ്റ്ഫോംസില്‍ റിലയന്‍സിനും ഫെയ്സ്ബുക്കിനും പിന്നില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സ്ഥാപനമായി വിസ്ത മാറി.
388 മില്ല്യണ്‍ ഉപഭോക്താക്കളുള്ള ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ജിയോ പ്ലാറ്റ്ഫോമിന്റെ ഉപകമ്പനിയായി തുടരുമെന്ന് റിലയന്‍സ് അറിയിച്ചു.
ഏപ്രില്‍ 22-നാണ് സോഷ്യല്‍ മീഡിയ വമ്പനായ ഫെയ്സ്ബുക്ക് ജിയോ പ്ലാറ്റ്ഫോമില്‍ 9.99 ശതമാനം ഓഹരികള്‍ 43,574 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. ഇന്ത്യയിലെ ഒരു കമ്പനിയില്‍ ചെറിയൊരു വിഹിതം ഓഹരികള്‍ക്കുവേണ്ടി ഏറ്റവും കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം എത്തിയത് ഈ ഇടപാടിലാണ്. ഈ നിക്ഷേപത്തിന് പിന്നാലെ റിലയന്‍സിന്റെ ഇ-കൊമേഴ്സ് ബിസിനസായ ജിയോമാര്‍ട്ടില്‍ ഫെയ്സ്ബുക്കിന്റെ വാട്സ്ആപ്പ് പങ്കാളിയായി.
ഈ ആഴ്ചയുടെ തുടക്കത്തില്‍ അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ സില്‍വര്‍ ലേക്ക് ജിയോ പ്ലാറ്റ്ഫോംസില്‍ 1.15 ശതമാനം ഓഹരികള്‍ 5,655.75 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു.