മലയാളിയായ ഗുണ്ടാ നേതാവ് ബിനുവിന്‍റെ പിറന്നാൾ ആഘോഷത്തിനെത്തിയ ക്രിമിനലുകളെ വിദഗ്‌ധമായി കുടുക്കിയ അമ്പത്തൂര്‍ ഡപ്യൂട്ടി കമ്മിഷണർ എസ് സര്‍വേഷ് രാജ് ആണ് തമിഴകത്തെ ഇപ്പോഴത്തെ ഹീറോ. സർവേഷിനെ അഭിനന്ദിച്ച് സിനിമാ താരങ്ങൾ അടക്കം രംഗത്തുവന്നിട്ടുണ്ട്.

മെക്കാനിക്കൽ എൻജിനീയറായ സര്‍വേഷ് ആഗ്രഹം കൊണ്ടാണ് പൊലീസിൽ ചേർന്നത്. 4 വർഷമായി തെളിയിക്കാൻ കഴിയാതെ കിടന്ന കൊലപാതക കേസ് തെളിയിച്ചതാണ് സർവേഷിനെ ജനങ്ങൾക്കിടയിൽ താരമാക്കിയത്. 2013 ൽ ആയിരുന്നു മങ്കാടിലെ ഒരു വീട്ടിൽ സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും കേസ് തെളിയിക്കാൻ പൊലീസിന് സാധിച്ചില്ല. ഒടുവിൽ സർവേഷ് കൊലപാതക കേസിന്‍റെ ചുമതല ഏറ്റെടുക്കുകയും തെളിയിക്കുകയും ചെയ്തു. എല്ലാവരും സുരക്ഷിതമായും സന്തോഷമായും ജീവിക്കുന്നതിനുളള സാഹചര്യം ഒരുക്കുകയാണ് തന്‍റെ ആഗ്രഹമെന്നാണ് ഈ ചെറുപ്പക്കാരന്‍ പറയുന്നത്.

Read More: സിനിമാ സ്റ്റെലിൽ പൊലീസിന്റെ ഗുണ്ടാവേട്ട, മലയാളി ഗുണ്ടാ നേതാവിന്റെ പിറന്നാൾ പാർട്ടിക്കിടെ കുടുങ്ങിയത് 75 ഗുണ്ടകൾ

ഗുണ്ടാ നേതാവ് ബിനുവിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ക്രിമിനലുകൾ എത്തുന്ന വിവരം ലഭിച്ച ഉടൻ കമ്മിഷണർ എ.കെ.വിശ്വനാഥനെ സർവേഷ് അറിയിച്ചതാണ് വലിയൊരു ക്രിമിനൽ സംഘത്തെ ഒറ്റ രാത്രി കൊണ്ട് കുടുക്കാൻ സഹായിച്ചത്. സർവേഷിന്‍റെ സമയോചിതമായ പ്രവർത്തിയെ സിനിമാ താരങ്ങളായ വിശാൽ, സിദ്ധാർത്ഥ്, കരുണാകരൻ എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അഭിനന്ദിച്ചത്.

ആയുധങ്ങൾ ഉൾപ്പെടെ ഗുണ്ടകളെ പിടികൂടിയ ചെന്നൈ പൊലീസിന്‍റെ ഓപ്പറേഷൻ പ്രചോദനം നൽകുന്നതാണ്. ഈ ഓപ്പറേഷന് നേതൃത്വം നൽകിയ കമ്മിഷണർ ഓഫ് പൊലീസ് എ.കെ.വിശ്വനാഥനെയും തന്‍റെ ജോലി വളരെ ഭംഗിയായി നിർവ്വഹിച്ച ഡിസിപി സർവേശിനെയും അഭിനന്ദിക്കുന്നു.

നല്ലൊരു പൊലീസ് സിനിമയെപ്പോലെയായിരുന്നു ചെന്നൈ പൊലീസിന്‍റെ ഓപ്പറേഷൻ എന്നും ഈ ഓപ്പറേഷന് പിന്നിൽ പ്രവർത്തിച്ച ഡിസിപി അമ്പത്തൂര്‍ സർവേഷിന്‍റെ ടീമിനെ അഭിനന്ദിക്കുന്നുവെന്നായിരുന്നു സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചത്.

ശരിയായ സമയത്ത് നടത്തിയ ഓപ്പറേഷനിലൂടെ ഗുണ്ടകളെ പിടികൂടിയ ഇവരാണ് യഥാർത്ഥ ഹീറോകൾ എന്നായിരുന്നു നടൻ കരുണാകരൻ പറഞ്ഞത്. ഓപ്പറേഷന് പിന്നിൽ പ്രവർത്തിച്ച ടീമിന് സല്യൂട്ട് ചെയ്യുന്നതായും കരുണാകരന്‍റെ ട്വീറ്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ