ചെന്നൈ: വിജയ് ചിത്രം മെർസലിന് വീണ്ടും പിന്തുണയുമായി നടനും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാൽ. എന്തിനാണ് ഒരു സിനിമയെ മാത്രം ചേരിതിരിഞ്ഞ് ആക്രമിക്കുന്നതെന്ന് വിശാൽ ചോദിച്ചു. സാമൂഹിക വിഷയങ്ങളെ ചോദ്യം ചെയ്തുളള സിനിമകൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. ഭാവിയിലും ഉണ്ടാകും. അത്തരം വിഷയങ്ങളെ സിനിമയിലൂടെ പ്രതിപാദിക്കുന്നതിൽ ഒരു തെറ്റുമില്ല. സിനിമയിൽനിന്നും രംഗങ്ങൾ നീക്കേണ്ടത് സെൻസർ ബോർഡാണ്. സെൻസർ ബോർഡിന്റെ അനുമതി കിട്ടിയ ശേഷം റിലീസ് ചെയ്ത ഒരു ചിത്രത്തിൽനിന്നും ഒരു രംഗം നീക്കണമെന്നോ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യണമെന്ന് പറയാൻ ആർക്കും അധികാരമില്ലെന്നും ഇന്ത്യാ ടുഡേ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വിശാൽ പറഞ്ഞു.

ഇന്ത്യയിലെ വീടുകളിൽ ശൗചാലയങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് പരാമർശിച്ച ‘ജോക്കർ’ എന്ന സിനിമയ്ക്ക് ദേശീയ അവാർഡ് ലഭിച്ചു. എന്റെ അടുത്ത ചിത്രത്തിൽ നീറ്റ് പരീക്ഷയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. മറ്റൊരു ചിത്രത്തിൽ കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ചിത്രീകരിക്കുന്നതിനും അഭിപ്രായ പ്രകടനം നടത്തുന്നതിനും ഉളള അവകാശം എല്ലാവർക്കുമുണ്ട്. മെർസലിൽ എന്തെങ്കിലും തെറ്റായി ചിത്രീകരിച്ചിരുന്നുവെങ്കിൽ സെൻസർ ബോർഡിൽനിന്നും പ്രദർശനാനുമതി കിട്ടില്ലായിരുന്നുവെന്നും വിശാൽ പറഞ്ഞു.

എച്ച്.രാജയിൽനിന്നും ഒരു ഉത്തരത്തിനായി ഞാൻ ഇപ്പോഴും കാത്തിരിക്കുന്നു. നിങ്ങൾ ചെയ്തത് ഒരു കുറ്റകൃത്യമാണ്. അതൊരു തെറ്റായ പ്രവൃത്തിയാണ്. മെർസലിന്റെ ഒരു ബിറ്റ് ആവട്ടെ ഒരു ചെറിയ ഭാഗമാകട്ടെ നിങ്ങൾ അത് ഓൺലൈനിൽ കണ്ടു-വിശാൽ പറഞ്ഞു.

Read More: നിങ്ങള്‍ക്കു നാണമില്ലേ?: മെര്‍സലിന്റെ ‘വ്യാജ പതിപ്പു കണ്ട’ ബിജെപി നേതാവിനോട് വിശാല്‍

വിജയ് ചിത്രം മെർസലുമായി ബന്ധപ്പെട്ട വിവാദം വ്യാജപതിപ്പ് ഇന്റർനെറ്റിൽ കണ്ട ബിജെപി നേതാവ് എച്ച്.രാജയെ ചോദ്യം ചെയ്തതിനു പിന്നാലെ വിശാലിന്റെ നിർമാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ വിശാൽ പറഞ്ഞത് ഇങ്ങനെ: ”എന്നെ സംബന്ധിച്ചിടത്തോളം അതൊരു നടപടിയാണ്. പിന്നെ എന്നെ വിരട്ടുക എന്ന ഉദ്ദേശ്യത്തോടെ ആരെങ്കിലും അത് ചെയ്തതാണെങ്കിൽ എനിക്ക് മറുപടിയില്ല. റെയ്ഡ് നടന്ന സമയത്തെക്കുറിച്ച് എനിക്കൊന്നും പറയാനില്ല.”

ടെലിവിഷന്‍ പരിപാടിയില്‍ അതിഥിയായെത്തിയ ബിജെപി നേതാവ് എച്ച്.രാജയോട് ‘താങ്കള്‍’ സിനിമ കണ്ടോ എന്ന ചോദ്യത്തിന് ‘നെറ്റില്‍ ഞാന്‍ കണ്ടിരുന്നു’ എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ചെയ്ത തെറ്റിന് നിരുപാധികമായി രാജ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് വിശാൽ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook