ചെന്നൈ: തമിഴിലെ താരസംഘടനയായ നടിഗർ സംഘത്തിന്റെ സെക്രട്ടറിയായ നടൻ വിശാൽ ഗജ ചുഴലിക്കാറ്റിൽ തകർന്ന ഗ്രാമത്തിന്റെ പുനർ നിർമ്മാണം ഏറ്റെടുത്തു. തഞ്ചാവൂരിലെ കാർകവയൽ എന്ന ഗ്രാമത്തെ പൂർവ സ്ഥിതിയിലാക്കുമെന്നാണ് താരം ഉറപ്പുനൽകിയിരിക്കുന്നത്.

ഗജ ചുഴലിക്കാറ്റ് ഏറ്റവും അധികം നാശനഷ്ടങ്ങൾ വിതച്ച ഗ്രാമങ്ങളിലൊന്നാണ് കാർകവയൽ. ഇതാണ് ഈ ഗ്രാമത്തെ തന്നെ പുനർനിർമ്മാണത്തിന് തിരഞ്ഞെടുക്കാൻ കാരണം. ഗ്രാമത്തെ ഗജ ചുഴലിക്കാറ്റിന് മുൻപുണ്ടായിരുന്ന അതേ നിലയിലേക്ക് മാറ്റുമെന്നാണ് നടൻ ഉറപ്പുപറഞ്ഞിരിക്കുന്നത്.

നടന്റെ പ്രഖ്യാപനത്തിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ് നടൻ. രജനീകാന്തും കമൽഹാസനും വിജയും അടക്കമുളളവർ പണവും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മറ്റ് വസ്തുക്കളും എത്തിച്ചപ്പോഴാണ് വിശാൽ ഒരു ഗ്രാമത്തെ മുഴുവനായും ഏറ്റെടുത്തിരിക്കുന്നത്. ദുരിത ബാധിത മേഖലകളിൽ നേരിട്ടെത്തി സാധനങ്ങളും മറ്റും വിതരണം ചെയ്ത വിശാൽ ഗ്രാമത്തിന്റെ പുനർനിർമ്മാണം കൂടി ഏറ്റെടുത്തതോടെ വലിയ ആശ്വാസത്തിലാണ് കാർകവയൽ നിവാസികൾ.

ഗജ ചുഴലിക്കാറ്റ് സംസ്ഥാനത്ത് 45 പേരുടെ ജീവനാണ് കവർന്നത്. ചുഴലിക്കാറ്റ് വീശിയടിച്ച ജില്ലകളിൽ കൃഷി പൂർണ്ണമായും നശിച്ചു. അതേസമയം സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം ലഭിക്കാത്തത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook