ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പട്ടാപ്പകല്‍ യുവതി ബലാത്സംഗത്തിന് ഇരയായി. മദ്യപിച്ചെത്തിയ ആളാണ് സ്ത്രീയെ വഴിയോരത്തുവച്ച് ബലാത്സംഗം ചെയ്തത്. സംഭവം നടക്കുമ്പോള്‍ നിരവധി പേര്‍ വഴിലൂടെ പോയെങ്കിലും പ്രതികരിക്കാന്‍ ആരും തയാറായില്ല. ഗഞ്ജി ശിവ എന്ന ട്രക്ക് ഡ്രൈവറാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചതിനെ തുടര്‍ന്നാണ് സംഭവം വാര്‍ത്തയാകുന്നതും അറസ്റ്റു നടന്നതും. പൊലീസ് ഉടന്‍ സ്ഥലത്തെത്തുകയും അക്രമിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബലാത്സംഗത്തിന് ഇരയായ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വിശാഖപട്ടണത്തെ റെയില്‍വെ ക്വാര്‍ട്ടേഴ്സിന് സമീപമുള്ള തിരക്കേറിയ റോഡിന്റെ ഫുട്പാത്തില്‍ വച്ചാണ് സ്ത്രീ അക്രമത്തിന് ഇരയായത്.

ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ട യുവതി ഇന്നലെ രാവിലെയാണ് വിശാഖപട്ടണത്ത് എത്തിയത്. മരത്തണലില്‍ വിശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ ഇവരെ ആക്രമിക്കുന്നത്. സംഭവം നടക്കുമ്പോള്‍ അതുവഴി നിരവധിയാളുകള്‍ കടന്നു പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ആരും അവരെ രക്ഷിക്കാന്‍ തയാറായില്ല.

ദൃശ്യങ്ങള്‍ കണ്ട് തങ്ങള്‍ ഞെട്ടിയെന്നും നിരവധി പേര്‍ സംഭവം നടക്കുന്നതായി വിളിച്ചറിയിച്ചെങ്കിലും സഹായിക്കാന്‍ തയാറാകാത്ത ആളുകളുടെ മനോഭാവം വിഷമിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ