ഹൈദരാബാദ്: ഗർഭിണിയാണെന്ന സംശയത്തിൽ കാമുകൻ കാമുകിയെ കൊന്നു. സംഭവത്തിൽ 17 കാരനെയും രണ്ടു സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. ഇവരെല്ലാം തന്നെ പ്രായപൂർത്തിയാകാത്തവരാണ്.
16 കാരിയായ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. നവംബർ 7 ന് വീട്ടിൽനിന്നും പോയ പെൺകുട്ടിയ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പെൺകുട്ടിയുടെ വീടിനു സമീപത്തെ തെരുവിലാണ് അറസ്റ്റിലായ മൂന്നു പേരും താമസിച്ചിരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
”കഴിഞ്ഞ ഒരു വർഷമായി പെൺകുട്ടിയുമായി17 കാരൻ പ്രണയത്തിലായിരുന്നു. ഏതാനും ദിവസം മുൻപാണ് താൻ ഗർഭിണിയാണെന്ന് സംശയിക്കുന്നതായി പെൺകുട്ടി അറിയിച്ചത്. ഇതറിഞ്ഞ 17 കാരൻ പെൺകുട്ടിക്ക് ചില ഗുളികകൾ കഴിക്കാൻ കൊടുത്തുവെങ്കിലും അവൾ കഴിച്ചില്ല. ഇതോടെ ഭയമായി. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞാലുണ്ടാവുന്ന നാണക്കേട് ഓർത്താണ് അവളെ കൊല്ലാൻ 17 കാരൻ തീരുമാനിച്ചത്,” ഉദ്യോഗസ്ഥൻ പറഞ്ഞു.
”നവംബർ ഏഴിന് വൈകിട്ട് അടുത്തുളള കളിസ്ഥലത്ത് വരാൻ പെൺകുട്ടിയോട് പറഞ്ഞു. അവൾ വന്നതും തലയ്ക്ക് അടിച്ചു വീഴ്ത്തി. അതിനുശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊന്നു. പിന്നീട് മൃതദേഹം പെട്രോൾ ഉപയോഗിച്ച് തീകൊളുത്തി. എന്നാൽ ശരീരം മുഴുവനും കത്തിയില്ല”, ഉദ്യോഗസ്ഥൻ പറഞ്ഞു.
17 കാരൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടി ഗർഭിണിയാണോ എന്നറിയാനായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.