വിര്‍ജീനിയ: അമേരിക്കയില്‍ യുവതിയെ സ്വന്തം നായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തി. 22കാരിയായ ബെഥാനി സ്റ്റീഫന്‍സ് ആണ് കൊല്ലപ്പെട്ടത്. സ്റ്റീഫന്‍സിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇത് കൊലപാതകം ആണെന്ന് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരണം ഉയര്‍ന്നിരുന്നു. എന്നാല്‍ നാല് ദിവസത്തിന് ശേഷം വിശദീകരണവുമായി വിര്‍ജീനിയ പൊലീസ് രംഗത്തെത്തി.

നായ്ക്കളേയും കൊണ്ട് നടക്കാന്‍ ഇറങ്ങിയ യുവതിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രണ്ട് നായ്ക്കളും സ്റ്റീഫന്‍സിന്റെ മൃതദേഹത്തിന് അടുത്ത് കാവല്‍ നില്‍ക്കുന്ന രീതിയിലാണ് പൊലീസ് കണ്ടെത്തിയത്. മൃഗത്തിന്റെ ജഡമായിരിക്കും എന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ ഭാഗികമായി ഭക്ഷിച്ച നിലയിലാണ് സ്റ്റീഫന്‍സിന്റെ മൃതദേഹം കണ്ടത്. പൊലീസുകാര്‍ വിരട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും നായ്ക്കള്‍ ഇവരുടെ വാരിയെല്ലിന്റെ ഭാഗം ഭക്ഷിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

മുഖത്തേയും കഴുത്തിലേയും മാംസം പൂര്‍ണമായും ഭക്ഷിച്ച നിലയിലായിരുന്നു. അബോധാവസ്ഥയിലായി യുവതി നിലത്ത് വീണപ്പോള്‍ നായ്ക്കള്‍ ഭക്ഷിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ഇരയുടെ കുടുംബത്തിന്റെ ദുരവസ്ഥ മനസ്സിലാക്കി ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

മരണവിവരം പുറത്തുവന്നതിന് പിന്നാലെ ഇത് കൊലപാതകമാണെന്ന പ്രചരണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പൊലീസ് പത്രസമ്മേളനം നടത്തി വിവരം പുറത്തുവിട്ടത്. വളരെ ചെറുപ്പത്തിലേ നായ്ക്കളെ എടുത്ത് വളര്‍ത്തുകയായിരുന്നു സ്റ്റീഫന്‍സ്. അതുകൊണ്ട് തന്നെ നായ്ക്കള്‍ ഇവരെ കൊലപ്പെടുത്താനുളള സാധ്യത ഇല്ലെന്നായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും വാദിച്ചത്.

നായ്ക്കള്‍ വളരെ സൗമ്യരായിരുന്നുവെന്നും അവ ‘ഉമ്മ വച്ചാണ് കൊല്ലുക’ എന്നും യുവതിയുടെ ഒരു സുഹൃത്ത് പറഞ്ഞു. 45 കിലോ ഗ്രാമോളം ഭാരമുളള നായ്ക്കള്‍ യുവതിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. ഇരുനായ്ക്കളേയും കൊലപ്പെടുത്തി ഇവയുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി സൂക്ഷിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ