പാറ്റ്‌ന: ബീഹാറിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് തങ്ങളുടെ തൊഴിലാളികളോട് കന്യകാത്വം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടത് വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി, ബീഹാര്‍ ആരോഗ്യവകുപ്പ് മന്ത്രി മംഗള്‍ പാണ്ഡെ രംഗത്ത്. സ്ഥാപനം നല്‍കിയ ഫോറത്തില്‍ ‘വിര്‍ജിന്‍’ എന്ന വാക്ക് സൂചിപ്പിക്കന്നത് അവിവാഹിതയായ പെണ്‍കുട്ടിയെന്നാണെന്ന് മംഗള്‍ പാണ്ഡെ വ്യക്തമാക്കി.

തൊഴിലാളികളുടെ വിവാഹബന്ധത്തെക്കുറിച്ചറിയാന്‍ തയ്യാറാക്കിയ ചോദ്യാവലിയായിരുന്നു ഇത്തരത്തിലൊരു പരാമര്‍ശം. വിഭാര്യന്‍/അവിവാഹിതന്‍/കന്യക എന്നിങ്ങനെയായിരുന്നു ഫോറത്തില്‍ നല്‍കിയ വിവിധ ഓപ്ഷനുകള്‍.

തീര്‍ത്തും ലൈംഗീക വിഭജന മനോഭാവമുള്ള ചോദ്യാവലിയില്‍ ‘നിലവില്‍’ മറ്റൊരു ഭാര്യയില്ലാത്തയാളെ ആണോ നിങ്ങള്‍ വിവാഹം ചെയ്തിരിക്കുന്നത് അല്ലെങ്കില്‍ ‘നിങ്ങളുടെ പങ്കാളിക്ക് ഒന്നിലധികം ഭാര്യമാരുണ്ടോ’ എന്നിങ്ങനെയുള്ള ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

Read More: ‘നിങ്ങള്‍ കന്യകയാണോ?’ ‘ഒന്നിലധികം ഭാര്യമാരുണ്ടോ?’ ഐജിഐഎംഎസ് തൊഴിലാളികളോട് ചോദിക്കുന്നു

വിര്‍ജിന്‍ എന്ന വാക്കിനര്‍ത്ഥം കന്യക എന്നാണെന്നും ഇത് സൂചിപ്പിക്കുന്നത് അവിവാഹിതയായ സ്ത്രീ എന്നാണെന്നും പറഞ്ഞ മന്ത്രി ഈ പ്രയോഗത്തില്‍ വിവാദമുണ്ടാക്കേണ്ടതായ എന്തെങ്കിലുമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും പറഞ്ഞു. സ്ഥാപനത്തിലെ അധികൃതരുമായി സംസാരിച്ചപ്പോള്‍ 1983 മുതല്‍ അവര്‍ പിന്തുടരുന്ന ചോദ്യാവലിയാണ് ഇതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും രാജ്യത്തെ മറ്റ് സ്ഥാപനങ്ങളും ഇത്തരത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നുമാണ് അറിയാന്‍ കഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

കന്യക എന്ന വാക്കിന് കന്യകാത്വം എന്ന വാക്കുമായി യാതൊരു ബന്ധവുമില്ലെന്നും അത് സൂചിപ്പിക്കുന്നത് അവിവാഹിത എന്നാണെന്നുമായിരുന്നു ഐജിഐഎംഎസ് മെഡിക്കല്‍ സൂപ്രണ്ട് മനീഷ് മണ്ഡല്‍ പറഞ്ഞത്. ആള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സെസ്(എയിംസ്) പിന്തുടരുന്ന രീതിയാണ് തങ്ങളും പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ‘വിര്‍ജിന്‍’ എന്ന വാക്ക് ഫോറത്തില്‍ നിന്നും ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളോട് കന്യകാത്വം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് എയിംസിലെ നഴ്‌സസ് യൂണിയന്‍ അംഗങ്ങള്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ