ന്യൂഡൽഹി: ട്വിറ്ററിൽ വൈൈറലാകുന്ന പോസ്റ്റുകളുടെ രാജാവാണ് മുൻ ഇന്ത്യൻ ഓപ്പണിംഗ് ക്രിക്കറ്റ് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗ്. വിവാദമായ പുതിയ ട്വീറ്റിലൂടെയാണ് ഇദ്ദേഹം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്. കാശ്മീരി യുവാവിനെ പട്ടാള ജീപ്പിന് മുന്നിൽ കെട്ടിവച്ച് ഓടിച്ച പട്ടാള ഉദ്യോഗസ്ഥനെ പ്രകീർത്തിച്ചാണ് ഇദ്ദേഹം വീണ്ടും ട്വീറ്റ് ചെയ്തിരിക്കുന്നത്.

കല്ലേറു ചെറുക്കാൻ യുവാവിനെ മനുഷ്യകവചമായി ജീപ്പിനു മുന്നിൽ കെട്ടിയിട്ട മേജറെ സൈന്യം ഔദ്യോഗികമായി ആദരിച്ചതായി ഇന്നലെ റിപ്പോർട്ട് ഉണ്ടായിരുന്നു. ചീഫ് ആര്‍മി ഉദ്യോഗസ്ഥനായാണ് രാഷ്ട്രീയ റൈഫിള്‍സ് മേജര്‍ നിതിന്‍ ഗോഗലിനെ ആദരിച്ചതെന്ന് ഇന്നലെ പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഈ വാർത്തയുടെ പ്രതികരണമെന്നോണമാണ് വീരേന്ദർ സെവാഗ് പട്ടാള ഉദ്യോഗസ്ഥനെ പ്രകീർത്തിച്ച് ട്വീറ്റ് ചെയ്തത്. ധീരമായ നടപടിയെന്ന് ഈ കൃത്യത്തെ വിശഷിപ്പിച്ച സെവാഗ്, സ്വന്തം പട്ടാളക്കാരെ രക്ഷിക്കാനുള്ള ഇത്തരം നടപടികൾ ഇനിയും ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഏപ്രില്‍ 9ന് കശ്മീരിലെ ബുദ്ഗാമില്‍വെച്ച് യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് യാത്ര ചെയ്തത് വിവാദമായിരുന്നു. പിന്നീട് സൈന്യം ഉദ്യോഗസ്ഥനു ക്ലീൻ ചിറ്റ് നല്‍കിയെന്നും വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ആദരിക്കുന്നെന്ന വാര്‍ത്തയും പുറത്തുവന്നത്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും സൈനികരുടെയും ജീവന്‍ രക്ഷിക്കാനാണ് യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ടത് എന്നായിരുന്നു മേജറിന്റെ വിശദീകരണം. ഇത് സൈനിക കോടതി അംഗീകരിക്കുകയും വലിയ അപകടങ്ങളും പരുക്കും ഉണ്ടാകാതിരിക്കാന്‍ സൈനിക ഉദ്യോഗസ്ഥന്‍ കാണിച്ച മനസാന്നിധ്യത്തെ കോടതി അഭിനന്ദിച്ചുവെന്നും വാർത്ത പുറത്തുവന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ