ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡന്‍സില്‍ ഞായറാഴ്ച നടന്ന വിവിധ ഹിന്ദു ഗ്രൂപ്പുകളുടെ യോഗത്തില്‍ ബിജെപി എംപി പര്‍വേശ് വെര്‍മ വിദ്വേഷ പ്രസംഗം നടത്തിയതായി ആരോപണം. പ്രസ്തുത സാഹചര്യത്തില്‍ യോഗത്തെ പറ്റി നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിരാട് ഹിന്ദു സഭയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വെസ്റ്റ് ഡല്‍ഹി എംപിയായ പര്‍വേഷ്. ഞായറാഴ്ച നടന്ന യോഗത്തിന്റെ വിഡീയോ ദൃശ്യങ്ങളില്‍ പര്‍വേശ് പറയുന്നതിങ്ങനെ, “അവരെ നേരെയാക്കണമെങ്കില്‍ ഒരു മാര്‍ഗമെയുള്ളു, നിങ്ങള്‍ അവരെ എവിടെ കണ്ടാലും ബഹിഷ്കരിക്കണം. നിങ്ങള്‍ എന്നോട് യോജിക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ കൈകള്‍ ഉയര്‍ത്തുക. എന്റെ ഒപ്പം പറയു, നമ്മള്‍ അവരെ ബഹിഷ്കരിക്കും. നമ്മള്‍ അവരുടെ കടകളില്‍ നിന്ന് ഒന്നും വാങ്ങിക്കുകയില്ല, അവര്‍ക്ക് ജോലി കൊടുക്കില്ല. ഇത് ചെയ്യുക, ഇതാണ് പരിഹാരം”
ഈസ്റ്റ് ഡല്‍ഹിയിലെ സുന്ദര്‍ നഗ്രിയില്‍ വച്ച് മനീഷ് എന്ന യുവാവിനെ മൂന്ന് പേര്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെയാണ് യോഗം ചെര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പുറത്ത് വന്നിരുന്നു. മൂന്ന് പേര്‍ ചേര്‍ന്ന് ഒരാളെ കുത്തി പരിക്കേല്‍പ്പിക്കുന്നതായാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. നിരവധി പേര്‍ സംഭവം കണ്ടിട്ടും പ്രതികരിക്കാതെ നില്‍ക്കുന്നുമുണ്ട്.
മനീഷിന്റെ കൊലപാതകത്തില്‍ സാജിത്, അലാം, ബിലാല്‍ ഫൈസര്‍ എന്നിങ്ങനെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്ന് പൊലീസ് പറയുന്നു.
ഞായറാഴ്ച രാംലീല മൈദാനില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യാഗസ്ഥന്‍ പറഞ്ഞു. “വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. പരിപാടി നടത്താനുള്ള അനുമതി ലഭിച്ചിരുന്നതായാണ് സംഘാടകര്‍ക്ക് അവകാശപ്പെടുന്നത്, ഇതും അന്വേഷിച്ചു വരികയാണ്,” ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.