ബംഗലൂരു: ബഹുമാനം കൊടുത്താല്‍ മാത്രമെ തിരിച്ചു കിട്ടു എന്ന് പറയാറുണ്ട്. പ്രായം എന്ത് തന്നെയായാലും ബഹുമാനിക്കാന്‍ മടിക്കരുതെന്ന് പഠിപ്പിക്കുകയാണ് ബംലഗൂരുവില്‍ നിന്നുളള ഒരു പൊലീസുകാരന്റെ പ്രവൃത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു സ്കൂള്‍ കുട്ടിയെ സല്യൂട്ട് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ബംഗലൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ടി സുനില്‍ കുമാറാണ് റോഡിലൂടെ നടന്ന് പോകുന്ന ആണ്‍കുട്ടിക്ക് സല്യൂട്ട് നല്‍കി ബഹുമാനിച്ചത്. ബംഗലൂരു മല്യ ആശുപത്രിയില്‍ നിന്നും സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തേക്ക് വരികയായിരുന്ന കമ്മീഷണറോട് സ്കൂള്‍ വിദ്യാര്‍ത്ഥി ആദരവോടെ സല്യൂട്ട് ചെയ്യുകയായിരുന്നു. മറ്റൊന്നും ആലോചിക്കാതെ കമ്മീഷണറും തിരികെ സല്യൂട്ട് നല്‍കി.

ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ബംഗലൂരു സിറ്റി പൊലീസ് ആണ് വീഡിയോ വെളളിയാഴ്ച്ച ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഇതിനകം 1500 ഷെയറുകളും 1 ലക്ഷത്തിന്റെ അടുത്ത് വ്യൂവും വീഡിയോയ്ക്ക് ലഭിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ പുകഴ്ത്തിയും നിരവധി കമന്റുകളും പോസ്റ്റുകളും നിറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കമ്മീഷണറായി സുനില്‍ കുമാര്‍ ചുമതലയേറ്റത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ