ഷാരൂഖ് ഖാൻ-അനുഷ്ക ശർമ പ്രണയജോഡികളായെത്തിയ ജബ് ഹാരി മെറ്റ് സേജൾ ചിത്രത്തെക്കുറിച്ച് അത്ര നല്ല റിപ്പോർട്ടുകളല്ല ബോളിവുഡിൽനിന്നും പുറത്തുവരുന്നത്. കളക്ഷൻ കാര്യത്തിലും റിവ്യൂവിലും ചിത്രം മോശമാണെന്നാണ് അഭിപ്രായം. ഇതിനിടയിലാണ് ചിത്രം കണ്ട പുണെ സ്വദേശിയായ യുവാവിന്റെ ട്വീറ്റ് വൈറലായിരിക്കുന്നത്.

ചിത്രം കണ്ടുകൊണ്ടിരിക്കെ തന്നെ എത്രയും പെട്ടെന്ന് രക്ഷിക്കാൻ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ടാഗ് ചെയ്ത് യുവാവ് ചെയ്ത ട്വീറ്റാണ് വൈറലായത്. ”മാം, ഞാൻ പുണെയിലെ സിയോൺ സിനിമ ഹിൻജേവാദിയിൽ ജബ് ഹാരി മെറ്റ് സേജൾ സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്. എന്നെ എത്രയും പെട്ടെന്ന് രക്ഷിക്കൂ” ഇതായിരുന്നു വിശാൽ സുരിവൻഷിയുടെ ട്വീറ്റ്. 1,500 ലധികം തവണയാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യപ്പെട്ടത്.

എന്നാൽ യുവാവിന്റെ ട്വീറ്റിനോട് സുഷമ ഇതുവരെ പ്രതികരിച്ചിട്ടില്ല. സുഷമ സ്വരാജിനോട് സഹായം അഭ്യർഥിച്ച് നിരവധി പേർ ട്വീറ്റ് ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു സഹായം ആവശ്യപ്പെട്ടുളള ട്വീറ്റ് ഇതാദ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ