ഫിറോസാബാദ്: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന വൈറൽ പനി പടരുന്നു. ഒരാഴ്ചക്കിടെ 32 കുട്ടികൾ ഉൾപ്പടെ 40 പേരാണ് പനി മൂലം മരണപ്പെട്ടത്. മരണത്തിന് കാരണം ഡെങ്കി ആണെന്നാണ് സംശയിക്കുന്നത്, എന്നാൽ മറ്റ് കാരണങ്ങൾ ഉണ്ടോയെന്നും പരിശോധിക്കുന്നതായി ആഗ്ര ഡിവിഷണൽ കമ്മീഷണർ അമിത് ഗുപ്ത പറഞ്ഞു.
വൈറൽ പനിയാണ് പലരിലും രോഗലക്ഷണമായി കണ്ടെത്തിയിട്ടുള്ളതെന്ന് ഗുപ്ത പറഞ്ഞു. ആഗ്ര ഡിവിഷന്റെ ഭാഗമായിട്ടുള്ള മഥുരയിലും ചില മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ മരണങ്ങൾക്ക് കാരണം സ്ക്രാബ് ടൈഫസ് ആണ്, ഇത് ഡെങ്കിപ്പനി പോലെ ഒരു വെക്റ്റർ രോഗമാണ്, പക്ഷേ ഇത് വൈറസല്ല, ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസുകളും മരണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നഗരത്തിലെ സർക്കാർ ആശുപത്രിയിലെത്തി ചികിത്സയുടെ പുരോഗതിയും ഡെങ്കിപ്പനി തടയുന്നതിനുള്ള നടപടികളും അവലോകനം ചെയ്തു.
ആഗ്രയിലോ മെയിൻപുരിയിലോ ഇതുവരെ വൈറൽ രോഗങ്ങളുണ്ടായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ രോഗം വരാനുള്ള സാധ്യത മുൻനിർത്തി നടപടികൾ എടുത്തിട്ടുണ്ട്. ആഗ്രക്ക് 35 കിലോമീറ്റർ അകലെയുള്ള പട്ടണത്തിലാണ് കഴിഞ്ഞ ആഴ്ച രാഖി ആഘോഷങ്ങൾക്ക് ശേഷം ആദ്യ രോഗം സ്ഥിരീകരിച്ചത്.
Also read: വാക്സിനേഷനിൽ പുതിയ റെക്കോർഡ്: രാജ്യത്ത് ഇന്നലെ നൽകിയത് 1.25 കോടി ഡോസ്, ഓഗസ്റ്റിൽ 18.1 കോടി
നഗരത്തിലെ എട്ടോ ഒമ്പതോ കോളനികളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു. രോഗികൾക്കായി മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികളിൽ പനി, വയറിളക്കം, ഛർദി എന്നിങ്ങനെയുള്ള രോഗ ലക്ഷണങ്ങളാണ് കാണപ്പെടുന്നതെന്ന് ഫിറോസാബാദ് മെഡിക്കൽ കോളേജിലെ ഡോക്ടർ പറഞ്ഞു. ഇന്നലെവരെ 210 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. കുട്ടികളിൽ കോവിഡ് പരിശോധന നടത്തിയെങ്കിലും ആരും തന്നെ പോസിറ്റീവ് ആയിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.