ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തീവ്ര മതസംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. നിരവധി പൊലീസുകാര്‍ക്കും പ്രതിഷേധക്കാര്‍ക്കും പരുക്കേറ്റു. തലസ്ഥാനത്തെ പ്രതിഷേധം മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മുന്‍ പ്രസിഡന്റ് നവാസ് ഷെരീഫിന്റെ വസതിയിലേക്കുളള വഴിയില്‍ സൈന്യത്തെ വിന്യസിച്ചു.

പ്രതിഷേധക്കാര്‍ റോഡ് ബ്ലോക്ക് ചെയ്യുകയും പൊലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ടിയര്‍ഗ്യാസുകളും റബ്ബര്‍ ബുളളറ്റുകളും പ്രയോഗിച്ചു. മൂന്നാഴ്ച്ചയോളമായി പ്രതിഷേധം പാക്കിസ്ഥാന്‍ തലസ്ഥാനത്തെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കിയിട്ടുണ്ട്.

തെഹരീക്- ഇ-ലബ്ബൈക്ക് യാ റസൂല്‍ അളളാ പാക്കിസ്താന്‍ (ടിഎല്‍വൈആര്‍എപി) എന്ന തീവ്ര മതവിഭാഗമാണ് നവംബര്‍ 6 മുതല്‍ പ്രതിഷേധം നടത്തുന്നത്. പാക് നിയമമന്ത്രി സാഹിദ് ഹമീദിന്റെ രാജി ആവശ്യപ്പെട്ടാണ് രാജ്യവ്യാപകമായ പ്രതിഷേധം. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ക്കായുളള സത്യപ്രതിജ്ഞയില്‍ ഭേദഗതി വരുത്തിയതാണ് വിവാദം സൃഷ്ടിച്ചത്.

രാജ്യത്തെ ന്യൂനപക്ഷക്കാരായ അഹമദി വിഭാഗത്തിന് പ്രാമുഖ്യം ലഭിക്കുന്ന തരത്തിലുളള പുതിയ സത്യപ്രതിജ്ഞ പ്രവാചക നിന്ദയാണെന്നാണ് ഇവരുടെ വാദം.

സംഘര്‍ഷം കനത്തതിനെ തുടര്‍ന്ന് സ്വകാര്യ ചാനലുകള്‍ക്ക് സര്‍ക്കാര്‍ താത്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനമായ ഇസ്ലാമാബാദില്‍ പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം നടത്തിയ നീക്കം തത്സമയം സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

താത്കാലിക നിരോധനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാക്കിസ്താന്‍ ഇലക്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടേതാണ് ഉത്തരവ്. സൈനിക നടപടികള്‍ പാക്കിസ്താനിലെ സ്വകാര്യ ചാനലുകള്‍ തത്സമയം കാണിച്ചിരന്നു. ഇത് രാജ്യത്തെ മാധ്യമ നിയന്ത്രണ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചാനലുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ