തിരുവനന്തപുരം: അക്രമം സിപിഎമ്മിന്റെ നയമല്ലെന്നും അത് അംഗീകരിക്കാനാകില്ലെന്നും ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അക്രമത്തിൽ പങ്കെടുത്തവരെ പാർട്ടി പുറത്താക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാർ ആരായാലും കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പാർട്ടി നേരത്തെ വ്യക്തമാക്കിയതാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീർ ഇന്ത്യയുടെ അവയവമാണെന്നും എന്നാൽ കശ്മീരികൾ ഇന്ത്യയുടെ ഭാഗമല്ലെന്നുമാണ് ചിലർ ആവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കശ്മീരികൾക്കെതിരെയും മുസ്‌ലിങ്ങൾക്കെതിരെയുമല്ല തീവ്രവാദികൾക്കെതിരെയാണ് യുദ്ധം ചെയ്യേണ്ടതെന്നും യെച്ചൂരി വ്യക്തമാക്കി.

ബിജെപി സർക്കാരിനെ കേന്ദ്രത്തിൽ നിന്ന് പുറത്താക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ബിജെപിക്ക് എതിരെ ബദൽ കണ്ടെത്താനാണ് സിപിഎം ശ്രമിക്കുന്നത്. ബദൽ സർക്കാരിന്റെ സ്വഭാവം തിരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും വ്യക്തമാകുകയെന്നും യെച്ചൂരി. അതേസമയം, ബംഗാളിൽ കോൺഗ്രസുമായി സഖ്യം തീരുമാനിച്ചുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും യെച്ചൂരി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook