ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിലെ പള്ളികളിലുണ്ടായ ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി. ന്യൂസിലന്‍ഡിലെ ജനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെന്ന് നരേന്ദ്രമോദി പറഞ്ഞു. ന്യസിലന്‍ഡ് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡന് നരേന്ദ്ര മോദി കത്തെഴുതി. വിദ്വേഷത്തിനും അക്രമത്തിനും ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും മോദി അറിയിച്ചു.

Read More: ന്യൂസിലന്റ് പളളിയിലെ വെടിവെപ്പിന്റെ ദൃശ്യം അക്രമി ഫെയ്സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തു
അതേസമയം, കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യാക്കാരനെന്നു സംശയമുണ്ട്. ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് പരുക്കേറ്റിട്ടുണ്ടെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. സംഭവത്തില്‍ പിന്നാലെ ഇയാളെ കാണാതാതായും വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ ഉടന്‍ വേണമെന്ന് ഒവൈസി ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂസീലന്‍ഡ് അധികൃതരുമായി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു

രണ്ട് മുസ്ലിം പളളികളിലുണ്ടായ വെടിവെപ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ സ്ഥിരീകരിച്ചു. നാല് പേരെ കസ്റ്റഡിയില്‍ എടുത്തതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ പൗരനാണ് വെടിവെപ്പ് നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Read Also: ക്രൈസ്റ്റ്ചര്‍ച്ച് വെടിവെപ്പ്; കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യാക്കാരനെന്നും സംശയം

വെളളിയാഴ്ച്ച ജുമുഅ നമസ്‌കാരത്തിനിടെയാണ് വെടിവെപ്പ് നടന്നത്. ഇതിന് പിന്നാല സൗത്ത് ഐലന്‍ഡ് സിറ്റിയിലെ പള്ളിയിലും വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ടുണ്ട്. അക്രമിയെ ഇപ്പോഴും പിടികൂടാനായിട്ടില്ലെന്നാണ് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചത്. പൊലീസ് പ്രദേശത്ത് സുരക്ഷ ഏര്‍പ്പാടാക്കിയെന്നും എന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ബംഗ്ലാദേശി ക്രിക്കറ്റ് ടീം അടക്കമുളള വിശ്വാസികള്‍ പളളിയില്‍ ഉണ്ടായിരുന്നപ്പോഴാണ് അക്രമം നടന്നത്. നിരവധി പേരാണ് മരിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സൈനിക വേഷത്തിലെത്തിയ അക്രമിയാണ് വെടിവെപ്പ് നടത്തിയതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ മുഴുവന്‍ സ്‌കൂളുകളും അടച്ചിട്ടു. പ്രദേശത്തെ മുഴുവന്‍ പൊതുപരിപാടികളും റദ്ദാക്കാന്‍ പൊലീസ് ഉത്തരവിട്ടു. ബംഗ്ലാദേശി ക്രിക്കറ്റ് താരങ്ങള്‍ സുരക്ഷിതരാണെന്ന് അറിയിച്ചിട്ടുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പ്രതി ലൈവായി ഫെയ്‌സ്ബുക്കില്‍ സ്ട്രീം ചെയ്തിട്ടുണ്ട്. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook