മുംബൈ: നടനും മുൻ കേന്ദ്ര മന്ത്രിയുമായ വിനോദ് ഖന്ന (70) അന്തരിച്ചു. അർബുദബാധിതനായി ഏറെ നാളായി ചികിൽസയിലായിരുന്നു. 1970 – 80 കാലഘട്ടത്തിലെ മുൻ നിര നായകന്മാരിൽ ഒരാളായിരുന്നു വിനോദ് ഖന്ന. 140 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

1968 ൽ പുറത്തിറങ്ങിയ ‘മൻ ക മീത്’ ആയിരുന്നു ആദ്യ ചിത്രം. വില്ലൻ വേഷങ്ങളിലൂടെ എത്തിയ വിനോദ് ഖന്ന പിന്നീട് മുൻനിര നായകന്മാരിൽ ഒരാളായി മാറി. അമർ അക്‌ബർ ആന്റണി, ഖുർബാനി, മേരേ അപ്നേ, ഗദ്ദാർ, ഇൻഹാർ, രാജ്‌പുത്, ദയാവൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അഭിനയിച്ചു. നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 2015 ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം ‘ദിൽവാലേ’ യിലാണ് അവസാനമായി അഭിനയിച്ചത്.
Read More: വിനോദ് ഖന്നയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ബോളിവുഡ്

1997ൽ ബിജെപിയിൽ ചേർന്നു. പഞ്ചാബിലെ ഗുർ‌ദാസ്‌പൂർ മണ്ഡലത്തിൽ നിന്നും വിജയിക്കുകയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1999 ൽ വീണ്ടും അതേ മണ്ഡലത്തിൽനിന്ന് വീണ്ടും ലോക്‌സഭയിലേക്ക് വിജയിച്ചു. 2014 ൽ വീണ്ടും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2002 ൽ കേന്ദ്ര ടൂറിസം മന്ത്രിയായിരുന്നു.

Read More: വിനോദ് ഖന്നയുടെ പ്രതിഭ നിറഞ്ഞ കഥാപാത്രങ്ങൾ

ഗീതാഞ്ജലിയുമായിട്ടായിരുന്നു ആദ്യ വിവാഹം. ഇവർക്ക് രണ്ട് മക്കളുണ്ട്. അക്ഷയ് ഖന്ന, രാഹുൽ ഖന്ന. രണ്ട് പേരും ബോളിവുഡ് നടന്മാരാണ്. 1990 ൽ ഗീതാഞ്ജലിയുമായി വേർപിരിഞ്ഞ വിനോദ് ഖന്ന പിന്നീട് കവിതയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ട് മക്കളുണ്ട്.

വിനോദ് ഖന്ന 1982ൽ തന്റെ ഗുരുവായ ഓഷോ രജീനിഷിനൊപ്പം ചേർന്നു. അഞ്ച് വർഷത്തോളം ഈ​ കാലയളവിൽ സിനിമാ രംഗത്തു നിന്നും വിട്ടുനിന്നു. പിന്നീട് സിനിമയിലേയ്ക്ക് വന്നത് സൂപ്പർ ഹിറ്റുകളുമായിട്ടായിരുന്നു. ഇൻസാഫ്, സത്യമേവ ജയതേ  എന്നീ ഹിറ്റുകൾ ആ സമയത്താണ് ഇറങ്ങിയത്.

Read More: വിനോദ് ഖന്നയുടെ അപൂർവ ചിത്രങ്ങൾ

ആരോഗ്യം മോശമായതിനെത്തുടർന്ന് കഴിഞ്ഞ മാർച്ചിൽ വിനോദ് ഖന്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മകൻ രാഹുൽ ഖന്നയാണ് പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിയിച്ചത്. അച്ഛൻ സുഖം പ്രാപിച്ച് വരികയാണെന്നും ഉടൻ തന്നെ അദ്ദേഹം ആശുപത്രി വിടുമെന്നും രാഹുൽ പറഞ്ഞിരുന്നു. ആശുപത്രിയിൽ കഴിയുന്ന വിനോദ് ഖന്നയുടെ കുടുംബത്തോടൊപ്പമുളള ചിത്രം സോഷ്യൽ മീഡിയയിൽ അടുത്തിടെ പ്രചരിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ ഗുർദാസ്‌പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തനിക്ക് കാൻസറാണെന്ന് വിനോദ് ഖന്ന വെളിപ്പെടുത്തിയിരുന്നതായി ചില ഹിന്ദി വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പൊതുപ്രവർത്തന ജീവിതം നയിക്കുന്നതിനാലാണ് താൻ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും രോഗത്തിൽനിന്നും ഏറക്കുറെ താൻ മുക്തനായെന്നും വിനോദ് ഖന്ന പറഞ്ഞതായും റിപ്പോർട്ട് ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ