ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനു പിന്തുണ നൽകാത്തതിന് ക്രിക്കറ്റ് താരങ്ങളെയും മറ്റ് കായിക താരങ്ങളെയും വിമർശിച്ച് ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് പറഞ്ഞു. അധികാരത്തിലിരിക്കുന്നവർക്കെതിരെ നിൽക്കാൻ അവർക്ക് ധൈര്യമില്ലെന്ന് കാണുന്നതിൽ തനിക്ക് വേദനയുണ്ടെന്ന് അവർ പറഞ്ഞു. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധ സമരത്തിൽ മുൻനിരയിൽ നിൽക്കുന്നവരാണ് വിനേഷും ഒളിംപിക് മെഡൽ ജേതാവ് സാക്ഷി സിങ്ങും ബജ്‌രംഗ് പൂനിയയും.
”ഈ രാജ്യം മുഴുവൻ ക്രിക്കറ്റ് താരങ്ങളെ ആരാധിക്കുന്നു, എന്നാൽ ഒരു ക്രിക്കറ്റ് താരം പോലും പ്രതിഷേധത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഞങ്ങളെ പിന്തുണച്ച് നിങ്ങൾ സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നില്ല. ഒരു നിഷ്പക്ഷ സന്ദേശമെങ്കിലും നൽകാം, ആർക്കായാലും നീതി ലഭിക്കണമെന്ന് പറയാം. അതൊരു ക്രിക്കറ്റ് താരമാകാം, ബാഡ്മിന്റെൺ, അത്ലറ്റിക്സ്, ബോക്സിങ് താരമാകാം… ഇതാണ് എന്നെ വേദനിപ്പിക്കുന്നത്,” ദി ഇന്ത്യൻ എക്സ്പ്രസ് ഐഡിയ എക്സ്ചേഞ്ചിൽ അവർ പറഞ്ഞു.
യുഎസിലെ ‘ബ്ലാക്ക് ലീവ്സ് മാറ്റർ’ പ്രതിഷേധം ഇതിനു ഉദാഹരണമായി വിനേഷ് ചൂണ്ടിക്കാണിച്ചു. വംശീയതയ്ക്കും വിവേചനത്തിനും എതിരെ പോരാടാൻ ലോകമെമ്പാടുമുള്ള കായിക താരങ്ങൾ ഒന്നിച്ചു. ”നമ്മുടെ രാജ്യത്ത് മികച്ച കായിക താരങ്ങൾ ഇല്ലാതെയില്ല. ഇവിടെ ക്രിക്കറ്റ് താരങ്ങളുണ്ട്. യുഎസിൽ ബ്ലാക്ക് ലീവ്സ് പ്രതിഷേധം നടന്നപ്പോൾ അവർ പിന്തുണച്ചു. ഞങ്ങൾ അത്രയും അർഹിക്കുന്നില്ലേ,” വിനേഷ് ചോദിച്ചു.
കായികതാരങ്ങൾ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഞാനും ബജ്‌രംഗും കത്തെഴുതുകയും സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തതായി അവർ വ്യക്തമാക്കി. ”അവർ എന്തിനെയാണ് ഭയപ്പെടുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. അവരുടെ സ്‌പോൺസർഷിപ്പിനെയും ബ്രാൻഡ് സംബന്ധമായ കരാറുകളെയും ഇത് ബാധിക്കുമെന്ന് അവർ ആശങ്കപ്പെടുന്നുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അതിനാലാവാം പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്കൊപ്പം അവർ നിൽക്കാത്തത്.പക്ഷേ, ഇതെന്നെ ഒരുപാട് വേദനിപ്പിക്കുന്നുണ്ട്,” അവർ പറഞ്ഞു.
”ഞങ്ങൾ വിജയിക്കുമ്പോൾ ഞങ്ങളെ അഭിനന്ദിക്കാൻ നിങ്ങൾ മുന്നോട്ട് വരും. ക്രിക്കറ്റ് താരങ്ങൾപോലും അപ്പോൾ ട്വീറ്റ് ചെയ്യും. പക്ഷേ, ഇപ്പോൾ സംഭവിക്കുന്നത് എന്താണ്?. നിങ്ങൾ ഭരണകൂടത്തെ ഭയപ്പെടുകയാണോ?. അതല്ല അവിടെയും എന്തെങ്കിലും വിലപേശലുകൾ നടക്കുന്നുണ്ടോ?,” വിനേഷ് ചോദിച്ചു.
വരും തലമുറയുടെ നേട്ടങ്ങൾക്കായി ഈ രാജ്യത്തെ ഭരണവ്യവസ്ഥയെ വൃത്തിയാക്കുക എന്ന ഉത്തരവാദിത്തം രാജ്യത്തെ മുൻനിര കായികതാരങ്ങൾക്കാണ്. എല്ലാ അത്‌ലറ്റുകളും പ്രതിഷേധവുമായി ഇവിടെ ഇരുന്നാൽ മുഴുവൻ സിസ്റ്റവും തകരും. ഭരണാധികാരികൾക്ക് സമാധാനമായി ഉറങ്ങാൻ കഴിയില്ലെന്നും അവർ പറഞ്ഞു.
”നിങ്ങൾ ഫൊട്ടോകൾ പോസ്റ്റ് ചെയ്യുന്നു, ബ്രാൻഡ് സംബന്ധമായ വീഡിയോകളും ഫൊട്ടോകളും പോസ്റ്റ് ചെയ്യുന്നു. ഞങ്ങൾക്ക് നീതി ലഭിക്കണമെന്ന് പറഞ്ഞ് ഒരു പോസ്റ്റ് നിങ്ങൾക്ക് ഇടാനാവില്ലേ. അതു മാത്രമാണ് ഞങ്ങളുടെ അഭ്യർത്ഥന. ഇപ്പോൾ നിങ്ങൾ ഞങ്ങൾക്ക് പിന്തുണ നൽകാനുള്ള ധൈര്യം കാണിച്ചില്ലെങ്കിൽ, നാളെ കഠിനമായി പരിശ്രമിച്ച് ഞങ്ങളൊരു മെഡൽ നേടിയാൽ, ഞങ്ങളെ അഭിനന്ദിക്കാൻ വരരുത്. ഞങ്ങളുടെ കഴിവുകളിൽ നിങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നുവെന്ന് പറയരുത്, കാരണം നിങ്ങൾക്ക് അതില്ല, അതിനാലാണ് നിങ്ങൾ ഇപ്പോൾ ഞങ്ങളെ സംശയിക്കുന്നത്,” വിനേഷ് പറഞ്ഞു.
രാഷ്ട്രീയ നേതാക്കൾ ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന കായിക താരങ്ങൾക്ക് പിന്തുണ അറിയിച്ച് പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ, കായിക താരങ്ങളിൽനിന്നും വളരെ ചുരുക്കം പേർ മാത്രമാണ് പിന്തുണയുമായി മുന്നോട്ടുവന്നിട്ടുള്ളത്. ഏതാനും ദിവസം മുൻപ് ഇവർക്ക് എപ്പോഴെങ്കിലും നീതി കിട്ടുമോ എന്നു ചോദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവ് സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന്റെ ഒരു ഫൊട്ടോ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്രയും ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഒളിമ്പ്യൻമാരായ ജ്വാല ഗുട്ടയും ശിവ കേശവനും പിന്തുണ അറിയിച്ചു. എന്നാൽ മറ്റുള്ളവരാരും ഇതുവരെ പിന്തുണയുമായി എത്തിയിട്ടില്ല.