തമിഴ്നാട്ടിലെ കാഞ്ചീപുരത്തിനു സമീപമുള്ള ഒരു ക്ഷേത്രം പുതുക്കിപ്പണിയുന്നതിനിടെ “പുരാതന സ്വർണ്ണ” ശേഖരം കണ്ടെത്തി. ക്ഷേത്രം പുതുക്കിപ്പണിയുന്നതിനിടെ പ്രദേശവാസികളാണ് ശേഖരം കണ്ടെത്തിയത്. ഈ സ്വർണം അധികൃതർ പിടിച്ചെടുക്കുകയും ഞായറാഴ്ച സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു.

ഉത്തിരാമൂരിലെ ശിവക്ഷേത്രം പുതുക്കിപ്പണിയുന്നതിനിടയിലാണ്, അര കിലോയിലധികം തൂക്കം വരുന്ന “സ്വർണ്ണവസ്തുക്കൾ” ഏതാനും ദിവസങ്ങൾക്ക് കണ്ടെത്തിയത്. പ്രദേശവാസികൾ തന്നെയായിരുന്നു നിർമാണപ്രവർത്തനങ്ങളിലേർപ്പെട്ടിരുന്നത്.

ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്കുള്ള പടികൾക്ക് താഴെയായിരുന്നു “സ്വർണ” ശേഖരമെന്ന്. വിവരം ലഭിച്ച ഉദ്യോഗസ്ഥർ ക്ഷേത്രത്തിലെത്തി “സ്വർണം” സർക്കാരിനു കൈമാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ നവീകരണം പൂർത്തിയായതിനുശേഷം അതേ സ്ഥലത്ത് തന്നെ വീണ്ടും സ്വർണം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട ഭക്തരും പ്രദേശവാസികളും അത് സർക്കാരിന് കൈമാറാൻ വിസമ്മതിച്ചിരുന്നു. എന്നാൽ സ്വർണം ഏറ്റെടുക്കുമെന്ന കാര്യത്തിൽ ഉറച്ചുനിന്നതായി അധികൃതർ പറഞ്ഞു.

Read More: പറക്കാൻ തുടങ്ങുന്ന വിമാനത്തിന്റെ ചിറകിൽ കയറിയയാൾ പൊലീസിന്റെ പിടിയിൽ- വീഡിയോ

പ്രദേശവാസികളുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. പിന്നീട് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തിനിടെയാണ് അധികൃതർ “സ്വർണം” കണ്ടുകെട്ടി സീൽ ചെയ്ത് കൊണ്ടുപോയത്.

നിരവധി നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം ചോള കാലഘട്ടത്തിൽ നിർമിച്ചതാണെന്ന് ഗ്രാമവാസികൾ പറയുന്നു.

“ക്ഷേത്രത്തിന്റെ ചുവടുകൾക്ക് താഴെ കുറച്ച് സ്വർണ്ണം വയ്ക്കുന്നത് ഒരു ശുഭചിഹ്നമാണ്, പണ്ടുമുതലേ ഈ രീതി പ്രചാരത്തിലുണ്ട്,” പ്രദേശവാസികളിലൊരാൾ പറഞ്ഞു. സ്വർണം ക്ഷേത്രത്തിന്റേതായതിനാൽ, അത് പിടിച്ചെടുക്കാനോ കൈവശം വയ്ക്കാനോ അധികാരികൾക്ക് അവകാശമില്ലാത്തതിനാലാണ് പൊലീസുകാരെയും ഉദ്യോഗസ്ഥരെയും തടഞ്ഞതെന്നും അവർ പറഞ്ഞു.

കണ്ടെത്തിയത് സ്വർണം തന്നെയാണോ അതിന് നൂറ്റാണ്ടുകൾ പഴക്കമുണ്ടോ എന്നീ കാര്യങ്ങൾ അറിയാനുള്ള പരിശോധന നടത്തിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അത് “ഇത് കാണാൻ സ്വർണ്ണം പോലെയാണ്,” എന്ന മറുപടിയാണ് റവന്യൂ ഡിവിഷനൽ ഓഫീസർ വിദ്യ നൽകിയത്.

ജനങ്ങളുടെ പ്രതിഷേധം കാരണം സമ്പൂർണ്ണ വിലയിരുത്തൽ നടത്താൻ കഴിഞ്ഞില്ലെന്ന് അവർ പിടിഐയോട് പറഞ്ഞു.

Read More: അമ്മ സണ്ണി ലിയോൺ, അച്ഛൻ ഇമ്രാൻ ഹാഷ്മി; അഡ്മിറ്റ് കാർഡിൽ വിദ്യാർത്ഥി എഴുതിയത്

“സ്വർണം ട്രഷറിയിൽ നിക്ഷേപിച്ചു,” എന്നും അവർ പറഞ്ഞു. ഇത് വീണ്ടും ക്ഷേത്രത്തിൽ സ്ഥാപിക്കുകയാണ് വേണ്ടതെന്നും ഒരു ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു.

വിവരമനുസരിച്ച് സ്വർണ്ണത്തിന്റെ ഭാരം 565 ഗ്രാം ആണെന്നും ക്ഷേത്രത്തിന് സ്വർണം തിരികെ നൽകണമോ വേണ്ടയോ എന്ന് സർക്കാർ റവന്യൂ അധികൃതർ തീരുമാനമെടുക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കാഞ്ചീപുരത്തുനിന്ന് 40 കിലോമീറ്ററും ചെന്നൈയിൽ നിന്ന് 90 കിലോമീറ്ററും അകലെയുള്ള ഉത്തിരാമൂർ ഒരു ക്ഷേത്രനഗരമാണ്. ഒരു സഹസ്രാബ്ദം മുൻപും അടിത്തട്ട് വരെയെത്തുന്ന ജനാധിപത്യം പ്രദേശത്ത് നിലവിലുണ്ടായിരുന്നതായി സൂചിപ്പിക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലിഖിതങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഉത്തിരാമൂർ പ്രശസ്തിനേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 10 ന് പുതിയ പാർലമെന്റ് കെട്ടിടത്തിന് തറക്കല്ലിട്ടപ്പോൾ പട്ടണത്തിന്റെ പേര് പരാമർശിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook