ചെന്നൈ : തെയ്നാംപേട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷകള്‍ക്ക് മേല്‍ ആഡംബര കാര്‍ ഇടിച്ചു കയറ്റിയ കേസില്‍ തമിഴ് നടന്‍ ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവിനെതിരെ കേസെടുത്തു. അപകടകരമാം വിധം വണ്ടി ഓടിച്ചത്തിനും വഴിയാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം വണ്ടിയോടിച്ചത്തിനും ഐപിസിയിലെ സെക്ഷന്‍ 279, 337 വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ധ്രുവിന്റെ കാര്‍ പാഞ്ഞുകയറിയ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും മൂന്ന് ഓട്ടോറിക്ഷക്കള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

ധ്രുവ് വണ്ടിയോടിച്ചത് മദ്യപിച്ചായിരുന്നു എന്ന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെ നിഷേധിച്ചുകൊണ്ട് വിക്രമിന്റെ മാനേജര്‍ വാര്‍ത്താക്കുറിപ്പ്‌ ഇറക്കി. ” ഞായറാഴ്ച്ച രാവിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങി വരുമ്പോഴാണ് ധ്രുവിന്റെ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റയാളെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിക്കുകയും ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. അപകടം സംഭവിച്ചത് അശ്രദ്ധ മൂലമാണ് എന്നും അതിന് മറ്റ് കാരണങ്ങള്‍ ഒന്നും ഇല്ല എന്നും ഞങ്ങള്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.” സുര്യനാരായണന്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.

തേനംപേട്ട് പൊലീസ് കമ്മീഷണറുടെ വീടിനടുത്ത് വച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം സംഭവിക്കുകയാണ് ചെയ്തത്. അപകടത്തില്‍ പെട്ടയാള്‍ക്ക് പരാതിയില്ല എന്നറിയിച്ചതിനെ തുടര്‍ന്ന് ധ്രുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയുണ്ടായി. സംഭവം നടക്കുമ്പോള്‍ ധ്രുവ് മദ്യലഹരിയിലായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്.

സംവിധായകന്‍ ബാല ഒരുക്കുന്ന ‘വര്‍മ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ധ്രുവ് വിക്രം. തെലുങ്കില്‍ വിജയ് ദേവരകൊണ്ട നായകനായ ‘അര്‍ജുന്‍ റെഡ്ഡി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ‘വര്‍മ’. സിനിമയുടെ ചിത്രീകരണം നടന്നുവരികയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook