ന്യൂഡൽഹി: ഉത്തർപ്രദേശിൽ എട്ട് പൊലീസുകാരെ വെടിവച്ചുകൊന്ന കേസിലെ പ്രതി വികാസ് ദുബെയെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ യുപി സർക്കാരിനെതിരെ സുപ്രീം കോടതി. നിയമവ്യവസ്ഥ നടപ്പിലാക്കാൻ സർക്കാരിനു ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു.

രൂക്ഷഭാഷയിലാണ് സുപ്രീം കോടതി സംസ്ഥാന സർക്കാരിനെതിരെ രംഗത്തെത്തിയത്. നിയമം നടപ്പിലാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയും ഉത്തരവാദിത്തവുമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.

വികാസ് ദുബെയ്‌ക്ക് ജാമ്യം അനുവദിച്ച നടപടിയെ സുപ്രീം കോടതി ചോദ്യം ചെയ്‌തു. “ഇത്രയും ക്രൂരകൃത്യങ്ങൾ ചെയ്‌തൊരു വ്യക്തി ജാമ്യത്തിലിറങ്ങിയതിൽ ഞങ്ങൾ അമ്പരന്നു. ഇത് വ്യക്തമായ പരാജയമാണ്. ആ വിധിയുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് വ്യക്തമായ റിപ്പോർട്ട് ആവശ്യമാണ്,” ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു.

Read Also: സ്വര്‍ണക്കടത്ത്: അന്വേഷണം ജയഘോഷിലേക്കു നീളും; മൊഴി കണക്കിലെടുക്കാതെ എന്‍ഐഎ

അതേസമയം, വിരമിച്ച ജഡ്‌ജിയുടെയും വിരമിച്ച പൊലീസ് ഓഫീസറുടെയും നേതൃത്വത്തിൽ അന്വേഷണം പരിഗണനയിലാണ്. അന്വേഷണസംഘത്തെ വിപുലീകരിച്ചതായി യുപി സർക്കാർ അറിയിച്ചു.

ഉത്തർപ്രദേശിൽ എട്ട് പൊലീസുകാരെ വെടിവച്ചുകൊന്ന കേസിലെ പ്രതി വികാസ് ദുബെ ജൂലെെ പത്തിനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഉജ്ജൈനിലെ പ്രശസ്തമായ മഹാകാല്‍ ക്ഷേത്രത്തില്‍ വച്ച് ജൂലെെ ഒൻപതിനു രാവിലെയാണ് ഇയാള്‍ അറസ്റ്റിലായത്.

Read Also: വെല്ലുവിളികളെ തരണം ചെയ്ത് മികച്ച പ്രകടനവുമായി ജാമിയ മിലിയ; കേന്ദ്രത്തിന്റെ അഭിനന്ദനം

കാൺപൂരിലേക്ക് കൊണ്ടുവരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞതായും പരുക്കേറ്റ പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വികാസിനു നേരെ  വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. പരുക്കേറ്റ വികാസിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുപ്രസിദ്ധ കുറ്റവാളിയായ ദുബെക്കെതിരെ കൊലപാതകം, കൊലപാതകശ്രമം എന്നിവ ഉൾപ്പെടെ അറുപതോളം കേസുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook