ന്യൂഡല്‍ഹി: 2014-ലെ ഒരു കേസില്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച ചട്ടങ്ങള്‍ പ്രകാരം ഗുണ്ടാനേതാവ് വികാസ് ദുബെയുടെ കൊലപാതകവും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷിക്കും. എട്ട് പോലീസുകാരെ കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയി മധ്യപ്രദേശില്‍ കീഴടങ്ങിയ വികാസ് ദുബെ തിരികെ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുവരും വഴിയാണ് പൊലീസുകാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ അന്വേഷണത്തിന്റെ ഫലം എല്ലാവര്ക്കും ഊഹിക്കാവുന്നതേയുള്ളൂ.
2017 മാര്‍ച്ചില്‍ ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റശേഷം പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന 119-ാമത്തെ കുറ്റാരോപിതനാണ് ദുബെ.
74 ഏറ്റുമുട്ടല്‍ കൊലപാതക കേസുകളില്‍ മജിസ്ട്രേറ്റ് തല അന്വേഷണം നടന്നു. അതില്‍ എല്ലാത്തിലും പൊലീസിന് ക്ലീന്‍ ചിറ്റ് കിട്ടി. 61 ഓളം കേസുകള്‍ അവസാനിപ്പിക്കുന്നതിന് പൊലീസ് അനുവാദം തേടിയത് കോടതി അംഗീകരിച്ചു.
6,145 ഓപ്പറേഷനുകളിലായി 119 പ്രതികള്‍ കൊല്ലപ്പെടുകയും 2,258 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് രേഖകള്‍ കാണിക്കുന്നു. ഈ ഓപ്പറേഷനുകളില്‍ 13 പൊലീസുകാര്‍ക്ക് ജീവന് നഷ്ടമായി. ഇതില്‍, കഴിഞ്ഞയാഴ്ച്ച കാണ്‍പൂരില്‍ കൊല്ലപ്പെട്ട എട്ടുപേരും ഉള്‍പ്പെടുന്നു. 885 പൊലീസുകാര്‍ക്ക് പരിക്കേറ്റു.
പ്രധാനപ്പെട്ട ഉത്തരവുകളും സ്വതന്ത്ര അന്വേഷണങ്ങളും നടന്നിട്ടും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ ശരിയായവിധം അന്വേഷണം നടക്കുന്നില്ല.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹൈദരാബാദിലെ 26 വയസ്സുള്ള മൃഗഡോക്ടറെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ നാല് പേരെ ഹൈദരാബാദില്‍ ഏറ്റുമുട്ടലില്‍ വധിച്ച സംഭവം മുന്‍ സുപ്രീംകോടതി ജഡ്ജി വിഎന്‍ സിര്‍പുര്‍ക്കര്‍ സുപ്രീകോടതിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷിക്കുകയാണ്.
ദുബൈയുടെ കേസിലേത് പോലെ ഹൈദരാബാദ് കൊലപാതകത്തിലും സാഹചര്യങ്ങള്‍ സമാനമാണ്. പൊലീസിന്റെ ആയുധങ്ങള്‍ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വധിച്ചു. ഏഴ് മാസം കഴിഞ്ഞിട്ടും അന്വേഷണം തുടരുന്നു.
Read Also: നിയമനം വൈകി; വ്യാജ എസ്ബിഐ ബ്രാഞ്ച് തുടങ്ങിയ യുവാവ് അറസ്റ്റില്‍
വികാസ് ദുബൈയെ വധിച്ച കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട രംഗത്തെത്തിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ആദിത്യനാഥ് സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിനെ കുറ്റകൃത്യങ്ങളുടെ പ്രവിശ്യയായി ബിജെപി സര്‍ക്കാര്‍ മാറ്റിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസും ബി എസ് പിയും എസ് പിയും ജുഡീഷ്യല്‍ അന്വേഷണ ആവശ്യം ഉന്നയിച്ചു.
Read in English: Encounter impunity on record: 74 probes complete in UP, police get clean chit in all