ന്യൂഡല്‍ഹി: പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ ഗുണ്ടാനേതാവായ വികാസ് ദുബെ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് പറയാന്‍ ആകില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ് സുപ്രീംകോടതിയെ അറിയിച്ചു. ദുബൈയുടേയും കൂട്ടാളികളുടേയും മരണങ്ങളെ കുറിച്ച് സുപ്രീംകോടതിക്ക് നല്കിയ മറുപടിയിലാണ് യുപി ഡിജിപി ഇപ്രകാരം അറിയിച്ചത്. ഈ സംഭവത്തില്‍ ഒരു സംശയവും ഉണ്ടാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിരുന്നുവെന്നും ഡിജിപി പറഞ്ഞു.
ഈ കൊലപാതകങ്ങളില്‍ കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജികളില്‍ തിങ്കളാഴ്ച്ച വാദം തുടരും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് വാദം കേള്‍ക്കുന്നത്.
ജൂലൈ 10-ന് കാര്‍ അപകടമുണ്ടായപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് ദുബൈ വെടിയേറ്റ് മരിച്ചതെന്ന് പൊലീസ് പറയുന്നു. യുപി പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തും എന്ന് ഭയന്ന് ദുബൈ തലേദിവസം മധ്യപ്രദേശ് പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു.
പൊലീസുകാരുടെ തോക്ക് ദുബൈ പിടിച്ചു വാങ്ങി വെടിവച്ചുവെന്ന് പൊലീസ് പറയുന്നു. ജീവനോടെ പിടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഒരു കൊലപാതക ശ്രമ കേസില്‍ ദുബൈയെ അറസ്റ്റ് ചെയ്യാന്‍ കാണ്‍പൂരിലെ ബിക്രു ഗ്രാമത്തിലെത്തിയ പൊലീസ് സംഘത്തിലെ എട്ടുപേരെ കൊലപ്പെടുത്തിയശേഷം ദുബൈ ഒളിവില്‍ പോകുകയായിരുന്നു.
ദുബൈയുടെ കൊലപാതകത്തിന് പിന്നില്‍ വന്‍ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
Read in English: Vikas Dubey encounter not fake: UP Police submits report in SC