ഛണ്ഡീഗഡ്: ഹരിയാനയിൽ യുവതിക്ക് നേരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് സുഭാഷ് ബറാലയുടെ മകൻ വികാസ് ബറാല അറസ്റ്റിലായി. ഇന്ന് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ വികാസിനെയും സുഹൃത്ത് ആശിഷിനെയും വൈകിട്ടോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തിൽ പരാതിക്കാരിയായ വർണ്ണിക തനിക്ക് മകളെ പോലെയാണെന്നും വികാസിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സുഭാഷ് ബറാല ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വികാസിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെളളിയാഴ്ച രാത്രിയിലാണ് ജോലി കഴിഞ്ഞു മടങ്ങുമ്പോൾ വർണ്ണികയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ആഡംബര വാഹനത്തിൽ പിന്തുടർന്ന വികാസ് ബറാലയും സുഹൃത്തും വർണ്ണികയുടെ വാഹനം തടയുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയും ഗ്ലാസിൽ അടിക്കുകയും ചെയ്തെന്നാണു പരാതിയിൽ പറയുന്നത്. തനിക്കുണ്ടായ അനുഭവം ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളായ വർണിക ഫെയ്സ്ബുക്കിൽ പങ്കുവച്ചതോടെയാണ് വിവാദമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ