മുംബൈ: ഇന്ത്യയിലെ സമ്പന്നന്മാരിലൊരാളും റെയ്‌മണ്ട് ലിമിറ്റഡിന്റെ സ്ഥാപകനുമായ ഡോ.വിജയ്‌പത് സിൻഹാനിയ ഇന്ന് ദാരിദ്ര്യത്തിന്റെ വക്കിലാണ്. തന്റെ ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണക്കാരനാരെന്നു ചോദിച്ചാൽ അദ്ദേഹം വിരൽ ചൂണ്ടുന്നത് സ്വന്തം മകനുനേരെയാണ്. ഒരുകാലത്ത് ഇന്ത്യയിലെ പുരുഷന്മാര്‍ എന്തു വസ്ത്രം ധരിക്കണമെന്നു തീരുമാനിച്ചിരുന്നത് റെയ്മണ്ട് എന്ന വസ്ത്രനിര്‍മ്മാണ ബ്രാന്‍ഡിന്റെ ഉടമ വിജയ്‌പത് സിൻഹാനിയ ആയിരുന്നു. ഇന്ന് അദ്ദേഹം സൗത്ത് മുംബൈയിലെ ചെറിയൊരു വാടകവീട്ടിൽ ഏകാന്ത ജീവിതം നയിക്കുകയാണ്.

സ്വത്തുക്കൾ മുഴുവൻ മകന് നൽകിയതോടെയാണ് 78 കാരനായ വിജയ്‌പതിന്റെ ജീവിതം ദുരിതത്തിലായത്. കമ്പനിയിലെ തന്റെ മുഴുവൻ ഓഹരിയും (ഏകദേശം 1000 കോടി മൂല്യം) അദ്ദേഹം മകൻ ഗൗതമിന് നൽകി. സ്വത്തുക്കൾ കിട്ടിയതോടെ ഗൗതം പിതാവിനെ പുറത്താക്കുകയായിരുന്നു. ഇപ്പോൾ മലബാര്‍ ഹില്ലിലെ 36 നിലകളുള്ള കെട്ടിടത്തിലെ രണ്ടു നിലകൾ തനിക്ക് വിട്ടു നൽകണമെന്നും പ്രതിമാസം കമ്പനിയുടെ വരുമാനത്തിൽനിന്നും 7 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വിജയ്‌പത് .

1960-ല്‍ ആണ് മലബാര്‍ ഹില്ലില്‍ ജെകെ ഹൗസ് എന്ന കെട്ടിടം വിജയ്‌പത് നിര്‍മ്മിച്ചത്. അന്ന് 14 നിലകളാണ് ഉണ്ടായിരുന്നത്. പിന്നീട് 2007-ല്‍ കെട്ടിടം പുതുക്കിപ്പണിതു. കെട്ടിടത്തില്‍ വിജയ്‌പത് സിങ്ഹാനിയ, മകൻ ഗൗതം, സിങ്ഹാനിയയുടെ സഹോദരന്റെ ഭാര്യ വീണാദേവി, അവരുടെ മക്കളായ അനന്ത്, അക്ഷയ്പത് എന്നിവര്‍ക്ക് അപ്പാര്‍ട്ട്മെന്റ് ലഭ്യമാക്കുമെന്നായിരുന്നു കരാര്‍. എന്നാൽ അപ്പാർട്മെന്റ് ലഭിക്കാതെ വന്നതോടെ വീണാദേവിയും മക്കളും കോടതിയെ സമീപിച്ചു. ഇതിനു പിന്നാലെയാണ് സിങ്ഹാനിയയും കോടതിയെ സമീപിച്ചത്.

വിജയ്‌‌പത് സിങ്ഹാനിയയെ മകൻ പൂർണമായും ഉപേക്ഷിച്ചിരിക്കുകയാണെന്നും ബിസിനസ് കൈവശപ്പെടുത്തിയെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. അദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ